എടത്തനാട്ടുകര: പൊതുജനങ്ങളില്‍ ഹൃദയാരോഗ്യത്തെ കുറിച്ചുള്ള അവബോധം വളര്‍ത്തു ക,ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് സമൂഹത്തെ നയിക്കുക എന്ന ലക്ഷ്യങ്ങളോടെ എടത്തനാട്ടുകര ഗവ ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിന് കീഴില്‍ വീഡിയോ ബോധവല്‍ക്കരണം നടത്തി.ലിറ്റില്‍ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് വിദ്യാര്‍ഥികള്‍ ‘ലിറ്റില്‍ കൈറ്റ്സും ഡോക്ടറും’ എന്ന പേരില്‍ പ്രത്യേക അഭിമുഖം തയ്യാറാക്കി.
കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജ് അവസാന വര്‍ഷ വിദ്യാര്‍ഥിനി അശ്വതിയുമായി ലിറ്റില്‍ കൈറ്റ്സ് വിദ്യാര്‍ഥികളായ അഞ്ജലി, നേഹ എന്നിവരാണ് അഭിമുഖം നടത്തിയത്. അശ്വതി സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും ലിറ്റില്‍ കൈറ്റ്സിന്റെ പ്രഥമ ബാച്ച് ലീഡറുമായി രുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം, കുട്ടികളിലും മുതിര്‍ന്നവരിലും ഉണ്ടാവേണ്ട ആരോഗ്യകരമായ ജീവിതശൈലികള്‍ എന്നിവയെക്കുറിച്ച് ബോധവല്‍ക്കരിക്കുന്ന വീഡിയോ സമൂഹമാധ്യമം വഴിയും സ്കൂളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും പ്രചരിപ്പിച്ചു.
ലിറ്റില്‍ കൈറ്റ്സ് വിദ്യാര്‍ഥികളായ ഒ.അലൂഫ് അന്‍വര്‍, സി. ഫാദില്‍, ആര്.എസ് ആരോണ്‍ എന്നിവര്‍ കാമറയും എഡിറ്റിംഗും നിര്‍വഹിച്ചു. ലിറ്റില്‍ കൈറ്റ്സ് മെന്റര്‍മാരായ എ. സുനിത, എം. ജിജേഷ്, ഷാനിമോള്‍ എന്നിവര്‍ നേതൃത്വം നല്കി.
