പാലക്കാട്: മലമ്പുഴ ഉദ്യാന നവീകരണം ഡിസംബര്‍ 15-നകം പൂര്‍ത്തിയാക്കണമെന്ന് മലമ്പുഴ എം.എല്‍.എ. എ. പ്രഭാകരന് ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. അകത്തേത്തറ മേല്‍പ്പാലം നവംബര്‍ ഒന്നിനകം പൂര്‍ത്തിയാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. വടക്ക ഞ്ചേരി പന്നിയങ്കര ടോള്‍ ഒഴിവാക്കുന്നതിനായി ക്വാറികളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കണ്ണ മ്പ്ര, കാവശ്ശേരി പഞ്ചായത്ത് റോഡുകളില്‍ കയറുന്നത് തടയാന്‍ നടപടി വേണമെന്ന് തരൂര്‍ എം.എല്‍.എ. പി.പി. സുമോദ് ആവശ്യപ്പെട്ടു. ഇത് സുരക്ഷാഭീഷണിയാണ്. ക്വാറികളില്‍ നിന്നുള്ള വാഹനങ്ങള്‍ ഇതുവഴി പോകുന്നത് റോഡുകള്‍ തകരാന്‍ കാരണമാകുന്നുവെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടി.
ശ്രീകൃഷ്ണപുരം ശുദ്ധജല പദ്ധതിയില്‍ നിന്ന് വിതരണം ചെയ്യുന്ന അമ്പലപ്പാറ, ലക്കിടി പേരൂര്‍, കടമ്പഴിപ്പുറം, പൂക്കോട്ടുകാവ് പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ വിഷയം ഒറ്റപ്പാലം എം.എല്‍.എ. കെ. പ്രേംകുമാര്‍ യോഗത്തില്‍ ഉന്നയിച്ചു. ഇതിന് മറുപടിയായി വി.സി.ബി.യുടെയും മറ്റ് അനുബന്ധ ഉപകരണങ്ങളുടെയും പ്രവര്‍ത്തനം ഉടന്‍ സജ്ജമാക്കുമെന്നും അടുത്ത വികസന സമിതി യോഗത്തിന് മുന്നോടിയായി ശുദ്ധജല പദ്ധതി പ്രവര്‍ത്തനക്ഷമമാക്കുമെന്നും ഉദ്യോഗ സ്ഥര്‍ അറിയിച്ചു.ചിറ്റൂര്‍-തത്തമംഗലം നഗരസഭയുടെ കീഴില്‍ വെള്ളപ്പനയില്‍ ലൈഫ് മിഷന് നിര്‍മ്മിച്ച ഫ്ലാറ്റ് സമുച്ചയം വാസയോഗ്യമാണോ എന്ന് യോഗ്യതയുള്ള ഏജന്‍സിയെക്കൊണ്ട് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. ചിറ്റൂര്‍ എം. എല്‍.എ. സുമേഷ് അച്യുതനാണ് ഈ ആവശ്യം യോഗത്തില്‍ ഉന്നയിച്ചത്.
നെന്മാറ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെയും നെന്മാറ മണ്ഡലത്തിലെ സി.എച്ച്.സി. കെട്ടിടത്തിന്റെയും പ്രവര്‍ത്തന പുരോഗതി വിവരങ്ങള്‍ പത്തു ദിവസത്തിനകം നല്‍കണമെന്ന് നെന്മാറ എം.എല്‍.എ. കെ. പ്രേമന് ആവശ്യപ്പെട്ടു.കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എല്‍.ആര്. ഡെപ്യൂട്ടി കളക്ടര്‍ എന്‍.എന്‍. മുഹമ്മദ് റാഫി അധ്യക്ഷനായി. ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ എം. ദ്വര, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
