മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതുതായി അനുവദിച്ച എന്‍.സി.സി. നേവല്‍ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. കേരള നേവല്‍ യൂണിറ്റിലെ എന്‍.സി.സി. കോഴിക്കോട് കമാന്‍ഡിങ് ഓഫിസര്‍ ഇ.ജി വിഷ്ണു ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് കാസിം അധ്യക്ഷനായി.
ജില്ലയില്‍ ഒരേസ്ഥാപനത്തില്‍ എന്‍.സി.സി. സീനിയര്‍-ജൂനിയര്‍ ഡിവിഷന് ആര്‍മി വിങ്ങുകള്‍, ജൂനിയര്‍ ഡിവിഷന് നേവല്‍ വിങ്ങ് എന്നിവ പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണ് ദാറുന്നജാത്ത് സ്കൂള്‍. സ്കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റൊരു പ്രധാനനേട്ടമായി ഈ അധ്യയന വര്‍ഷം മുതല്‍ സ്റ്റുഡന്റ് പൊലിസ് കേഡറ്റ് യൂണിറ്റിനും അനുമതി ലഭിച്ചിട്ടുള്ളതായി അധി കൃതര്‍ അറിയിച്ചു.
ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ സമദ് ഹാജി, എം.എം.ഒ.സി. സെക്രട്ടറി ടി.എ സലാം മാസ്റ്റര്‍,പ്രധാന അധ്യാപിക കെ.എം സൗദത്ത് സലീം, അധ്യപാകരായ കെ.പി.എ സലീം, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, എന്‍.സി.സി. ഓഫിസര്‍ പി.ഹംസ തുടങ്ങിയവര്‍ സംസാരിച്ചു.
