മണ്ണാര്‍ക്കാട്:അസംഘടിത മേഖലയിലെ ചെറുകിട സ്ഥാപനങ്ങളുടെ സാമൂഹിക,സാമ്പത്തിക സ്ഥിതി വിലയിരുത്തുന്നതിനായി രാജ്യവ്യാപകമായി നടത്തുന്ന അസംഘടിത ചെറുകിട സ്ഥാപ നങ്ങളുടെ വാര്‍ഷിക സര്‍വേയില്‍ കൃത്യവും വസ്തുതാപരവുമായ വിവരങ്ങള്‍ നല്കി പൂര്‍ണ സഹകരണം നല്‍കണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന് പറഞ്ഞു.
ദേശീയ സ്ഥിതിവിവര കണക്ക് സംവിധാനത്തിന്റെ ഭാഗമായാണ് സര്‍വേ സംഘടിപ്പിക്കുന്നത്. നിര്‍മാണം, വ്യാപാരം, വിവിധ സേവന മേഖലകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന അസംഘടിത സ്ഥാപനങ്ങളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. സ്ഥാപനത്തിന്റെ പ്രവര്‍ത്തന സ്വഭാവം, തൊഴിലാളികളുടെ എണ്ണം, വരുമാനവും ചെലവും, നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് സര്‍വേയിലൂടെ ശേഖരിക്കുക. ഇതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക നയരൂപീകരണത്തിനും ചെറുകിട സംരംഭങ്ങളുടെ വികസനത്തിനും തൊഴില്‍ സൃഷ്ടിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും വിവിധ സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുന്നതിനും സഹായകരമാകും.
സര്‍വേയുടെ ഭാഗമായി സാമ്പത്തിക, സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്ഥാപന ങ്ങളില്‍ എത്തുമ്പോള്‍ ആവശ്യമായ വിവരങ്ങള്‍ കൃത്യമായും സത്യസന്ധമായും നല്‍കുകയും സര്‍വേയുമായി പൂര്‍ണമായി സഹകരിക്കുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
