അഗളി: പുതൂര്‍ പഞ്ചായത്തിലെ ഇടവാണിയില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ അഞ്ച് മാസം പ്രായം വരുന്ന 1400-ഓളം കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. ഓപ്പറേഷന് തൂഫാ ന്റെ ഭാഗമായി പുതൂര്‍ പൊലിസ്, അഗളി സബ് ഡിവിഷനിലെ ഡാന്‍സാഫ്, എ.എന്‍.എഫ്, എസ്. ഒ.ജി. ടീം അംഗങ്ങള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. ജില്ലാ പൊലിസ് മേധാവി അബ്ദുല്‍ റാഷിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ഇടവാണി കോറ കുന്തമലയുടെ കിഴക്കേ മലയടിവാരത്ത് 260 തടങ്ങളിലായാണ് കഞ്ചാവ് ചെടികളുണ്ടായിരുന്നത്. പ്രത്യേകം ഷെഡ് കെട്ടി ഇവയെ പരിപാലിച്ചുപോരുന്ന നിലയിലുമാ യിരുന്നു. കഞ്ചാവ് ചെടികള്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ പൂര്‍ണമായും തീയിട്ട് നശിപ്പിച്ചു. ഇടവാണി ഊരില്‍ നിന്നും ഏകദേശം പത്ത് കിലോമീറ്റര്‍ ദൂരത്തിലായാണ് ഈ വനമേഖല സ്ഥിതി ചെയ്യുന്നത്. ഇവിടെ കഞ്ചാവ് കൃഷി നടത്തിയ കുറ്റവാളികളെ കണ്ടെത്തുന്നതിനായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
വനമേഖല കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ വരും ദിവസങ്ങളിലും ശക്ത മായ നടപടികള്‍ തുടരുമെന്ന് ജില്ലാ പൊലിസ് മേധാവി അറിയിച്ചു. പുതൂര്‍ പൊലിസ് സ്റ്റേഷന് എസ്.എച്ച്.ഒ. സുനില്‍, ഡാന്‍സാഫ് എസ്.ഐ. എം.സുഭാഷ്, പ്രൊബേഷന്‍ എസ്.ഐ. സുബിന് എന്നിവരുള്‍പ്പെട്ട സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
