പാലക്കാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാല് ഉത്പാദനം നടക്കുന്ന പാലക്കാട് ജില്ല ഒന്നാം സ്ഥാനം നിലനിര്‍ത്തണമെന്ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. 330 ക്ഷീര സംഘങ്ങളും 13 ബ്ലോക്ക്തല ഓഫീസുകളും മികവോടെ പ്രവര്‍ത്തിക്കുന്ന ജില്ലയുടെ ഈ രംഗത്തെ മികവ് നിലനിറുത്താന്‍ വേണ്ട പദ്ധതികള്‍ നടപ്പിലാക്കുമെന്നും അവര്‍ അറിയിച്ചു. ക്ഷീരവികസന – മൃഗസംരക്ഷണ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ10 ശതമാനവും ജില്ലയിലെ 52 ശതമാനവും പാല് നല്കുന്ന ചിറ്റൂര്‍ ബ്ലോക്കിനു പ്രത്യേക പരിഗണന നല്‍കും. ചിറ്റൂര്‍ ക്ഷീരവികസന ബ്ലോക്ക് വിഭജിക്കുന്നത് പരിശോധിക്കും. മൃഗസംരക്ഷണ വകുപ്പിന്റെ വെറ്ററിനറി സൂപ്പര്‍ സ്പെഷ്യല്‍റ്റി ഹോസ്പിറ്റല്‍ കൊഴിഞ്ഞമ്പാറ കേന്ദ്രികരിച്ച് സ്ഥാപിക്കും . മീനാക്ഷിപുരം അതിര്‍ത്തി ചെക്ക്പോസ്റ്റിലെ ലാബില്‍ കരാര്‍ ജീവ നക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്നും ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിച്ച് 24 മണിക്കൂര്‍ ഷിഫ്റ്റ് ക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചു. നിലവില്‍ പാലിന്റെ സര്‍വേലന്‍സ് സാമ്പിള്‍ മാത്രം പരിശോധിക്കാന്‍ കഴിയുന്ന വകുപ്പിന് കൂടുതല്‍ അധികാരം നല്‍കുന്നത് പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തുടര്‍ന്ന്, ക്ഷീരസംഘം പ്രസിഡന്റുമാരായി മന്ത്രി കൂടിക്കാഴ്ച നടത്തി. സുമേഷ് അച്യുതന് എം.എല്‍.എ., ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സച്ചിദാനന്ദന്, കൊഴിഞ്ഞമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.രാമകൃഷ്ണന്, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഫെമി.വി മാത്യു, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.എം രവി, ബ്ലോക്ക് ക്ഷീരവികസന ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
