മണ്ണാര്‍ക്കാട്:പ്രസിദ്ധമായ കോട്ടോപ്പാടം കുതിരമ്പട്ട മഖാം ഉറൂസ് ജൂലൈ 31 മുതല്‍ ആഗസ്റ്റ് അഞ്ച് വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 31-ന് വൈകിട്ട് 6.15-ന് പതാക ഉയര്‍ത്തുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന ആത്മീയ സമ്മേളനത്തില്‍ സയ്യിദ് മഹ്റൂഫ് ജിഫ്രി കല്ലടിക്കോട്, സോണ്‍ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മുഹമ്മദലി സഖാഫി ചാലിയം എന്നിവര്‍ പങ്കെടുക്കും.
ആഗസ്റ്റ് ഒന്നിന് വൈകിട്ട് ഖത്മുല് ഖുര്‍ആന്‍, രണ്ടിന് ഖുത്ബിയ്യത് മജ്ലിസ് എന്നിവ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മണ്ണാര്‍ക്കാട് മേഖല സാലിം മിസ്ബാഹി പള്ളിക്കുന്ന്, സ്ഥലം മുദരിസ്, നദീര്‍ അദനി തിരൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും. മൂന്നാം തിയതി വൈകിട്ട് ഏഴിന് നടക്കുന്ന പൊതുസമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം കന്‍സുല്‍ ഫുഖഹാ കൊമ്പം ഉസ്താദ് ഉദ്ഘാടനം ചെയ്യും. മുസ്തഫ സഖാഫി തെന്നല മുഖ്യപ്രഭാഷണം നടത്തും.
നാലിന് വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന ശാദുലി മജ്ലിസില്‍ അബ്ദുറഷീദ് സഖാഫി ഏലംകുളം, അബ്ദുസ്സലാം ബാഖവി പരപ്പനങ്ങാടി എന്നിവര്‍ പങ്കെടുക്കും. അഞ്ചിന് രാവിലെ 8.30-ന് നടക്കുന്ന ദുആ സമ്മേളനത്തിന് സയ്യിദ് ശിഹാബുദീന് അഹ്ദല്‍ മുത്തനൂര്‍ തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് അന്നദാനവുമുണ്ടാകുമെന്ന് മുതുവല്ലി ഉണ്ണീന്‍കുട്ടി ഹാജി, മുഹമ്മദലി സഖാഫി ചാലിയം, ഇസ്ഹാഖ് സഖാഫി, ബഷീര്‍ കോട്ടോപ്പാടം, മൊയ്ദീന് എന്നിവര്‍ അറിയിച്ചു.
