പാലക്കാട്: കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായ കുളപ്പുള്ളി കനാല്‍, നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് പുനരുദ്ധരിക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് മനുഷ്യാ വകാശ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു. കെ.പി.ഐ.പി. കാഞ്ഞിരപ്പുഴ ഡിവിഷന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്കാണ് കമ്മീഷന് നിര്‍ദ്ദേശം നല്കിയ ത്. കമ്മീഷന് ഉത്തരവിന്റെ പകര്‍പ്പ് നബാര്‍ഡിന് അയക്കണമെന്നും ഉത്തരവില്‍ പറയുന്നു. നബാര്‍ഡില്‍ നിന്നും ഭരണാനുമതി ലഭ്യമായാല്‍ സമയബന്ധിതമായി കാലതാമസം കൂടാതെ പണികള്‍ പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പറഞ്ഞു.
ചളവറ പടിക്കലാത്ര വീട്ടില്‍ രാമകൃഷ്ണന്റെ പരാതിയിലാണ് നടപടി. പരാതിക്കാരന്റെ വീട് നില്ക്കുന്ന സ്ഥലത്ത് കനാലിലെ ദ്വാരങ്ങളിലൂടെ വെള്ളം ചോര്‍ന്ന് വീടുകള്‍ക്ക് ബലക്ഷയം സംഭവിക്കുകയാണെന്ന് പരാതിയില്‍ പറഞ്ഞു.കാലപ്പഴക്കം കാരണം കനാല്‍ നിലവില്‍ ശോ ചനീയാവസ്ഥയിലാണെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ഡിസംബറില്‍ കൃഷിക്കും മാര്‍ച്ചില്‍ കുടിവെള്ളത്തിനുമായി കുളപ്പുള്ളി കനാലിലൂടെ വെള്ളം തുറന്നുവിട്ടപ്പോള്‍ വെള്ളം ചോരുന്നതായി മനസിലാക്കിയതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു. എന്നാല്‍ വലിയതോതിലുള്ള അപകടങ്ങള്‍ ഉണ്ടാകാത്തതിനാല്‍ ജലവിതരണം തുടര്‍ന്നു. നബാര്‍ഡില്‍ നിന്നും സാമ്പത്തികാനുമതിയും ഭരണാനുമതിയും ലഭ്യമായാലുടന്‍ നിര്‍മാണം നടപ്പാക്കാമെ ന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
