മണ്ണാര്‍ക്കാട്: കെ.എസ്.ഇ.ബി. തൂണുകളിലും സ്വതന്ത്രമായി സ്ഥാപിച്ച തൂണുകളിലുമുള്ള കേബിള്‍ ടി.വി., ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ കമ്യൂണിക്കേഷൻ കേബിളുകളുടെ സുരക്ഷ, നിയന്ത്രണം, നിരീക്ഷണം എന്നിവയ്ക്കായി സര്‍ക്കാര്‍ പുതിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജര്‍ (എസ്.ഒ.പി.) പുറത്തിറക്കി. തൂങ്ങിക്കിടക്കുന്ന കേബിളുകള്‍ പൊതുജനങ്ങള്‍ക്ക് സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന് നല്കിയ നിര്‍ദേശ പ്രകാരമാണ് നടപടി. അപകടസാധ്യതയുള്ള കേബിളുകള്‍ നീക്കം ചെയ്യാന്‍ കര്‍ശന നിര്‍ദേശമാണ് എസ്.ഒ.പി. നല്‍കുന്നത്.
കെ.എസ്.ഇ.ബി. തൂണുകളില്‍ അനധികൃത കേബിളുകള്‍ കണ്ടെത്തിയാല്‍ 15 ദിവസത്തിനകം നീക്കം ചെയ്യാന്‍ നോട്ടീസ് നല്‍കും. ഈ കാലയളവിനുള്ളില്‍ നീക്കം ചെയ്തില്ലെങ്കില്‍ കെ.എസ്. ഇ.ബി. കേബിളുകള്‍ മുറിച്ചുമാറ്റും. അടിയന്തര പൊതുസുരക്ഷാ ഭീഷണിയാണെങ്കില്‍ നോട്ടീസ് കാലാവധിക്ക് മുന്‍പേ നടപടിയെടുക്കാം. സ്വതന്ത്ര തൂണുകളിലെ കേബിളുകള്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ മേല്‍നോട്ടത്തില്‍ നീക്കം ചെയ്യും. ജില്ലാ തലത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെയും താലൂക്ക് തലത്തില്‍ തഹസീല്‍ദാരുടെയും അധ്യക്ഷതയില്‍ മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിച്ച് സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കും. എല്ലാ അംഗീകൃത കേബിളുകളി ലും ഓപ്പറേറ്ററുടെ പേര്, ലൈസന്‍സ് നമ്പര്‍, ഫോണ്‍ നമ്പര്‍, തിരിച്ചറിയല്‍ കോഡ് എന്നിവ അടങ്ങിയ കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള ടാഗ് നിര്‍ബന്ധമാക്കി.
അപകടകരമായ കേബിളുകള്‍, റോഡ് തടസ്സങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാന്‍ ഒരു മാസത്തിനുള്ളില്‍ പ്രത്യേക സംവിധാനം സജ്ജമാക്കും. അടിയന്തര പരാതി കള്‍ ആറു മണിക്കൂറിനകം പരിശോധിച്ച് 24 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്നാണ് എസ്.ഒ.പി.യിലെ നിര്‍ദേശം. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സാധുവായ ലൈസന്‍സുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ 2023-ലെ സുരക്ഷാ ചട്ടങ്ങള്‍ കര്‍ശ നമായി പാലിക്കണം. കേബിളുകളുടെ സുരക്ഷിത പരിപാലനം, തൂങ്ങിക്കിടക്കുന്നത് ഒഴിവാക്ക ല്‍, ഉപേക്ഷിക്കപ്പെട്ട കേബിളുകള്‍ നീക്കം ചെയ്യല്‍, വാര്‍ഷിക സുരക്ഷാ സ്വയംസാക്ഷ്യപത്രം സമര്‍പ്പിക്കല്‍ എന്നിവയും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്നവര്‍ക്കെതിരെ വൈദ്യുതി നിയമം-2003, ദുരന്തനിവാരണ നിയമം-2005 എന്നിവ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊലിസ്, തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ട റേറ്റ്, കെ.എസ്.ഇ.ബി. എന്നിവരുടെ പ്രതിനിധികള്‍ അടങ്ങിയ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഈ എസ്.ഒ.പി. രൂപീകരിച്ചത്.
