മണ്ണാര്‍ക്കാട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത ധനസഹായത്തോടെ നടപ്പാക്കുന്ന സബ് മിഷന് ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ പദ്ധതിയുടെ ഭാഗമായി കസ്റ്റം ഹയറിങ് സെന്റര്‍ (സി.എച്ച്.സി.), ഫാം മെഷിനറി ബാങ്ക് (എഫ്.എം.ബി.)പദ്ധതികളിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ജൂലൈ 15 രാവിലെ 11 മണി മുതല്‍ സ്വീകരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ agrimachinery.nic.in വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കര്‍ഷകര്‍ക്ക് ആധുനിക കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും സബ്സിഡിയോടെ ലഭ്യമാക്കുകയും ഗ്രാമീണ മേഖലയില്‍ ഗുണമേന്മയുള്ള യന്ത്രസേവനങ്ങള്‍ കുറഞ്ഞ ചെലവില്‍ സമയബന്ധിതമായി ലഭ്യമാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കര്‍ഷക ഗ്രൂപ്പുകള്‍, കര്‍ഷക ഉല്‍പ്പാദക സംഘടനകള്‍, സ്വയംസഹായ സംഘങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സി.എച്ച്.സി. സ്ഥാപിക്കാന്‍ പദ്ധതി ചെലവിന്റെ 40 ശതമാനം വരെ ധനസഹായം ലഭിക്കും. എഫ്.എം.ബി. സ്ഥാപിക്കുന്നതിന് പദ്ധതി ചെലവിന്റെ 80 ശതമാനം, പരമാവധി 24 ലക്ഷം രൂപ വരെ സബ്സിഡി അനുവദിക്കും.വനാവകാശ നിയമം പ്രകാരമുള്ള അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് 90 ശതമാനം വരെ ധനസഹായം ലഭിക്കും.10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സി.എച്ച്.സി., എഫ്.എം.ബി. പദ്ധതികള്‍ അംഗീകൃത ബാങ്കുകളുടെ വായ്പയുമായി ബന്ധിപ്പിച്ച ക്രെഡിറ്റ് ലിങ്ക്ഡ് ബാക്ക് എന്‍ഡഡ് ക്യാപിറ്റല്‍ സബ്സിഡി മാതൃകയിലായിരിക്കും നടപ്പാക്കുക.ഇത്തരം പദ്ധതികളില്‍ ട്രാക്ടറുകള്‍, കൊയ്ത്ത് യന്ത്രങ്ങള്‍, കാര്‍ഷിക ഡ്രോണുകള്‍, കാര്‍ഷിക ഉല്‍പ്പന്ന സംസ്കരണ യന്ത്രങ്ങള്‍, മറ്റ് ഉയര്‍ന്ന മൂല്യമുള്ള കാര്‍ഷിക യന്ത്രങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കും.
എഫ്.എം.ബി. പദ്ധതികള്‍ 10 ലക്ഷം രൂപ വരെ, 10-20 ലക്ഷം രൂപ, 20-30 ലക്ഷം രൂപ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് നടപ്പാക്കുന്നത്.ബാങ്ക് വായ്പയെടുത്ത് പദ്ധതി പൂര്‍ത്തിയാക്കിയ ശേഷം അര്‍ഹമായ സബ്സിഡി ബാങ്ക് വായ്പാ അക്കൗണ്ടിലേക്ക് ക്രമീകരിക്കും.കേന്ദ്ര-സംസ്ഥാന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പരിശോധിച്ചശേഷം ജില്ലാ തല എക്സിക്യൂട്ടീവ് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നവയ്ക്ക് മാത്രമേ ധനസഹായം അനുവദിക്കുകയുള്ളൂ.
അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യുന്ന രേഖകളുടെ അസല്‍ പരിശോധനയ്ക്കായി ബന്ധപ്പെട്ട അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (കൃഷി) ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണം. കൂടുത ല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സഹായങ്ങള്‍ക്കും ജില്ലയിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (കൃഷി) ഓഫിസ്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (കൃഷി) ഓഫി സുകള്, അല്ലെങ്കില്‍ സമീപത്തെ കൃഷിഭവന് എന്നിവയുമായി ബന്ധപ്പെടാം. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍: 0495-2725354, 0477-2266084, 0471-2306748. ഇ-മെയില്‍: smamkerala@gmail.com.
