കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ കുടുംബാരോഗ്യകേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി ഷാജ്മോഹന്‍ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് യദുകൃഷ്ണന് അധ്യക്ഷനായി.
നേരത്തെ മൂന്ന് ഡോക്ടര്‍മാരുടെ സേവനമുണ്ടായിരുന്നിടത്ത് നിലവില്‍ ഒരു ഡോക്ടര്‍മാത്രമാണ് ആശുപത്രിയിലുള്ളത്. പ്രതിദിനം 160ഓളം പേര് ചികിത്സ തേടിയെത്തുന്ന ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവ് പ്രതിസന്ധിസൃഷ്ടിക്കുകയാണെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടി. പാലിയേറ്റീ വില്‍ രജിസ്റ്റര്‍ ചെയ്ത ഗുരുതരസ്വഭാവമുള്ള രോഗികള്‍ക്കാവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തണമെന്നും വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകള്‍ നികത്തണമെന്നും ഡി.വൈ.എഫ്. ഐ. ആവശ്യപ്പെട്ടു.
സി.പി.എം. ലോക്കല്‍ സെക്രട്ടറി നിസാര്‍ മുഹമ്മദ്, ഡി.വൈ.എഫ്.ഐ. മേഖല സെക്രട്ടറി ഫാറൂഖ്, വൈസ് പ്രസിഡ ന്റ് അഖില തുടങ്ങിയവര്‍ സംസാരിച്ചു.
