മണ്ണാര്‍ക്കാട്: നെല്ലിപ്പുഴയില്‍ മുക്കണ്ണംപാലത്തിന് സമീപം അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി. പുഴയോരത്തെ കൈതച്ചെടികള്ക്കടുത്ത് കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഏകദേശം 60വയസോളം പ്രായംതോന്നിക്കുന്ന ആളുടേതാണ് മൃതദേഹമെന്നാണ് പൊലിസ് കരുതുന്നത്.
ചൊവ്വാഴ്ച സമീപത്തെ തോട്ടത്തില്‍ പണിയെടുക്കുകയായിരുന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് വിവരം പൊലിസില്‍ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാസേന അംഗങ്ങളും സ്ഥലത്തെത്തി. തുടര്‍ന്ന് പൊലിസും അഗ്നിരക്ഷാസേന യും ചേര്‍ന്നാണ് മൃതദേഹം പുഴയില്‍ നിന്നും പുറത്തെടുത്തത്. മണ്ണാര്‍ക്കാട് സി.ഐ. എസ്. അഷ്റഫിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പോസ്റ്റുമാര്‍ട്ട ത്തിനായി മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച പോസ്റ്റുമാ ര്‍ട്ടം നടക്കും.
മൃതദേഹത്തിന് ഒരാഴ്ചക്കാലത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പുഴയില്‍ വീണോ മറ്റോ മഴയത്ത് ഒഴുകിവന്നതാണോയെന്നും സംശയിക്കുന്നുണ്ട്. മുഖം ഉള്‍പ്പടെയുള്ള ഭാഗങ്ങള്‍ ആളെ തിരിച്ചറിയാന്‍ കഴിയാത്തവിധം അഴുകിയ നിലയിലാണ്. മണ്ണാര്‍ക്കാട് സ്റ്റേഷന്‍പരിധി യില്‍ ഇത്തരം മിസിങ് കേസില്ലെന്നും, മറ്റുസ്റ്റേഷന് പരിധികളില്‍ നിന്നും ആരെയെങ്കിലും കാണാതായിട്ടുണ്ടെയെന്നത് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് സി.ഐ. അറിയിച്ചു.പോസ്റ്റുമാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ ജ്യോതി കൃഷ്ണന്‍കുട്ടിയും സ്ഥലത്തെത്തിയിരുന്നു.
