മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി (ഓട്ടോണമസ്) കോളജ് മലേഷ്യയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ സര്‍വകലാശാലയായ മാര ടെക്നോളജി യൂണിവേഴ്സിറ്റിയുമായി അക്കാദമിക സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പു വെച്ചു. അക്കാദമിക-ഗവേഷണ മേഖലയിലുള്ള സഹ കരണമാണ് ധാരണാപത്രത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഇരു സ്ഥാപനങ്ങളിലേക്കും പരസ്പരമുള്ള വിദ്യാര്‍ഥികളുടെ സന്ദര്‍ശനങ്ങള്‍, ഇന്റേണ്‍ഷിപ്, സംയുക്ത സെമിനാറുകള്‍, ഗവേഷണ പ്രൊജക്ടുകള്‍ എന്നിവ സംഘടിപ്പിക്കും. മാര ടെക്നോളജി യൂണി വേഴ്സിറ്റിയുമായുള്ള സഹകരണം കല്ലടി കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് മികച്ച സാധ്യതകള്‍ നല്കുന്നതാണെന്നു പ്രിന്‍സിപ്പല്‍ ഡോ.പി.എം ജാസ്മിന് പറഞ്ഞു.
കോളജ് ധാരണ പത്രം ഒപ്പു വെക്കുന്ന മൂന്നാമത്തെ വിദേശ സര്‍വകലാശാലയാണിത്. നേരത്തെ ഇന്തോനേഷ്യ , ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലെ സര്‍വകലാശാലകളുമായി കോളേജ് ധാരണാപത്രം ഒപ്പു വെച്ചിട്ടുണ്ട്. ലേഷ്യയിലെ കേദയില് സര്‍വകലാശാലാ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ കല്ലടി കോളജിന് വേണ്ടി എം.ഇ.എസ്. എയ്ഡഡ് കോളജ് ഡയറക്ടര്‍ ഡോ.എ.ബിജു, മാര ടെക്നോളജി യൂണിവേഴ്സിറ്റിക്ക് വേണ്ടി റെക്ടര്‍ ഡോ.മഹാസിര്‍ ഇസ്മായില്‍ എന്നിവര്‍ ധാരണ പാത്രത്തില്‍ ഒപ്പു വെച്ചു.
സര്‍വകലാശാല ഡെപ്യൂട്ടി റെക്ടര്‍ ഡോ.കമറുദ്ധീന്‍ ഉസ്മാന്, എക്കണോമിക്സ് ഫാക്കല്‍ട്ടിയിലെ ഡോ.സാഹിറ, കല്ലടി കോളജ് ഗവേണിംഗ് ബോഡി അംഗം ഡോ.സി രാജേഷ്, കോളജ് മാനേജ്മന്റ് കമ്മിറ്റി ട്രഷറര്‍ സി.പി ഷിഹാബുദ്ധീന്, മാനേജ്മന്റ് കമ്മിറ്റി അംഗം സി.ടി സൈതലവി എന്നിവര്‍ പങ്കെടുത്തു.
