മണ്ണാര്‍ക്കാട്: വികസനാത്മകമായ പ്രവര്‍ത്തനവും രാഷ്ട്രീയത്തിലെ സൗമ്യതയും ലാളിത്യവും കൈമുതലാക്കിയ എന്‍.ഷംസുദ്ദീന് നാലാമങ്കത്തില്‍ മണ്ണാര്‍ക്കാട് നല്‍കിയത് മഹാവിജയം. കഴിഞ്ഞതവണത്തേക്കള്‍ നാലിരട്ടിയലധികം ഭൂരിപക്ഷം വര്‍ധിപ്പിച്ചാണ് അദ്ദേഹം വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ പോള്‍ ചെയ്ത 1,68, 781 വോട്ടുകളില്‍ 90, 606 വോട്ടുകള്‍ നേടിയ ഷംസുദ്ദീന്റെ ഭൂരിപക്ഷം 25,903 വോട്ടുകളാണ്. മണ്ഡലത്തിലെ 53.68 ശതമാനം വോട്ടുകളും അദ്ദേഹം സമാഹരിച്ചു.
വോട്ടെണ്ണലിന്റെ ആദ്യറൗണ്ടില്‍ തുടങ്ങിയ ലീഡ് ഒരുഘട്ടത്തിലും വിട്ടുനല്‍കാതെയാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി വിജയമുറപ്പിച്ചത്. ഇടതുസ്ഥാനാര്‍ഥിയായ മന്‍സില്‍ അബൂബക്കറിന് 64,703 വോട്ടുകളും എന്‍.ഡി.എ സ്ഥാനാര്‍ഥിയായ ഐസക് വര്‍ഗീസിന് 10,671 വോട്ടുകളും എസ്. ഡി.പി.ഐ സ്ഥാനാര്‍ഥിയായ അഷിത നജീബിന് 939 വോട്ടുകളുമാണ് ലഭിച്ചത്. വോട്ടെണ്ണലിന്റെ ഓരോഘട്ടത്തിലും വ്യക്തമായ മേധാവിത്വം പുലര്‍ത്തിയാണ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി അദ്ദേഹം തന്റെ നാലാം വിജയത്തിലേക്ക് നടന്നുകയറിയത്. ലീഡ് നിലയിലെ കുതിപ്പ് യു.ഡി.എഫ് ക്യാംപിനെ ആവേശത്തിലാക്കി.
മലപ്പുറം തിരൂര്‍ സ്വദേശിയായ എന്‍.ഷംസുദ്ദീന് 2011-ലാണ് ആദ്യമായി മണ്ണാര്‍ക്കാട് മണ്ഡല ത്തിലെ സ്ഥാനാര്‍ഥിയായി മത്സരത്തിനിറങ്ങിയത്. കന്നിയങ്കത്തില്‍ ഇടതുപക്ഷത്തെ മുതിര്‍ന്ന നേതാവ് വി.ചാമുണ്ണിയെ 8270 വോട്ടിന് പരാജയപ്പെടുത്തി മണ്ഡലം പിടിച്ച അദ്ദേഹം, പിന്നീട് 2016-ലും 2021-ലും സി.പി.ഐ. ജില്ലാ സെക്രട്ടറിയായി കെ.പി സുരേഷ് രാജിനെയും പരാജയപ്പെ ടുത്തി.മണ്ണാര്‍ക്കാട്ടെ മൂന്നാം ഊഴത്തില്‍ 5,870 വോട്ടായിരുന്ന ഭൂരിപക്ഷമാണ് ഇത്തവണ കാല്‍ലക്ഷം കടന്നത്.
മണ്ഡല രൂപീകരണത്തിന് ശേഷം 1980-ല്‍ എ.പി ഹംസയിലൂടെ യു.ഡി.എഫ് പിടിച്ചെടുത്ത മണ്ണാര്‍ക്കാടിന്റെ ചരിത്രത്തില്‍ ഷംസുദ്ദീന് തന്റേതായ ഇടം ഉറപ്പിച്ചു കഴിഞ്ഞു.തുടര്‍ച്ചയായി നാലാംതവണയും അദ്ദേഹം നിയമസഭയിലെത്തുമ്പോള്‍, മറ്റൊരു സൗഭാഗ്യം കൂടി മണ്ഡലത്തെ തേടിയെത്തുമെന്ന ആവേശത്തിലാണ് ജനങ്ങള്‍.
