കാഞ്ഞിരപ്പുഴ: ഒരു ഇടവേളയ്ക്കുശേഷം കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഇരുമ്പകച്ചോല ഇഞ്ചി ക്കുന്ന് മേഖലയില്‍ കാട്ടാനകളിറങ്ങി കൃഷിനാശം വരുത്തി. കഴിഞ്ഞദിവസം രാത്രിയില്‍ വനാതിര്‍ത്തിയിലെ പ്രതിരോധവേലി മറികടന്നെത്തിയ കാട്ടാനകള്‍ ഇരുമ്പകച്ചോല ജോസ് വട്ടക്കനാലിന്റെ തോട്ടത്തിലെ നൂറിലേറെ വാഴകളാണ് നശിപ്പിച്ചത്. കുലച്ചതടക്കമുള്ള വാഴകളെ പൊളിച്ചുതിന്നുകയും ചെറിയ വാഴകളെ ചവിട്ടിമെതിക്കുകയും ചെയ്തു. ഇതിലൂടെ വലിയ സാമ്പത്തികനഷ്ടമാണ് കര്‍ഷകനുണ്ടായത്.
കൂടാതെ മൈലക്കല്‍ സെബാസ്റ്റ്യന്‍ തോട്ടത്തിലേക്കായി കൊണ്ടുവന്നിരുന്ന വളച്ചാക്കുകള്‍ നശിപ്പിച്ച കാട്ടാനകള്‍ സമീപത്തെ തോട്ടങ്ങളിലും നാശനഷ്ടമുണ്ടാക്കി. വിവരമറിയിച്ചപ്രകാരം വനപാലകരും ആര്.ആര്.ടിയുമെത്തി പരിശോധന നടത്തി. മാസങ്ങള്‍ക്ക് മുന്‍പും പ്രദേശത്ത് കാട്ടാനകളിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചിരുന്നു. കാട്ടാനകളില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് അധികൃതര്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
