മണ്ണാര്‍ക്കാട്: പാലക്കാട്, തൃശൂര്‍, കൊല്ലം ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത പ്രഖ്യാപിക്കുകയും മറ്റുജില്ലകളില്‍ ഉയര്‍ന്ന താപനിലയും അത്യുഷ്ണവും അനു ഭവപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സം സ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇതിന്റെ ഭാഗമായി തൊഴില്‍ സമ യം പുന:ക്രമീകരിച്ചു പുറത്തിറക്കിയ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കാനും, ആവ ശ്യമായ പരിശോധന നടത്താനും തൊഴില്‍ വകുപ്പിന് നിര്‍ദേശം നല്കി.
ഓണ്‍ലൈന്‍ വിതരണ തൊഴിലാളികള്‍ക്കും ഭക്ഷണ വിതരണക്കാര്‍ക്കും റെസ്റ്റോ റെന്റുകളുടെയും സംഭരണ കേന്ദ്രങ്ങളുടെയും സമീപം തണലോടു കൂടിയ വിശ്രമ സൗകര്യം ഒരുക്കാന്‍ നടപടി സ്വീകരിക്കണം. തൊഴിലാളികള്‍ക്ക് യൂണിഫോമില്‍ ഉള്‍പ്പെടെ ഇളവുകള്‍ നല്കാന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഉടമകള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കേണ്ടതാണ്. ഓട്ടോ-ടാക്സി തൊഴിലാളികള്‍ക്ക് വിശ്രമിക്കാനുള്ള താല്‍ക്കാലിക സൗകര്യങ്ങളും ഹോട്ടലുകളില്‍ കാത്തിരിക്കേണ്ടി വരുന്ന ടാക്സി തൊഴിലാളികള്‍ക്ക് അവിടെത്തന്നെ വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കണം. വ്യാപാര കേന്ദ്രങ്ങളിലും മാര്‍ക്കറ്റുകളിലും വായുസഞ്ചാരം, കുടിവെള്ളം, ടോയ്ലെറ്റ് സൗകര്യങ്ങള്‍ എന്നിവ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതും അതില്ലാത്ത ഇടങ്ങളില്‍ കടകളിലെ തൊഴിലാളികളുടെ ഉള്‍പ്പെടെ സുരക്ഷ മുന്‍നിര്‍ത്തി ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം.
അതിഥി തൊഴിലാളികളിലേക്കും മുന്നറിയിപ്പുകളും സുരക്ഷാ നിര്‍ദേശങ്ങളും എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവരുമായി സഹകരിച്ചു മേല്‍നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണം. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് പുറപ്പെടുവിക്കുന്ന അടിയന്തര സര്‍ക്കുലര്‍, സ്വീകരിച്ച മറ്റ് നടപടികള്‍ എന്നിവ രേഖാമൂലം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കാനും അഭ്യര്‍ത്ഥിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഹീറ്റ് ആക്ഷന്‍ പ്ലാന്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
