അഗളി: അട്ടപ്പാടിയില്‍ തോടിനോട് ചേര്‍ന്ന് വളര്‍ത്തിയിരുന്ന കഞ്ചാവ് ചെടികള്‍ എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. പുതുര്‍ ഇടവാണിയില്‍ നിന്നും 15 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറു ഭാഗത്തായുള്ള പാലമലയുടെ കിഴക്കേ അരുകില്‍ തോടിനോട് ചേര്‍ന്നാണ് 111 കഞ്ചാവുചെടികള്‍ കണ്ടെത്തിയത്.
ജില്ലാ എക്സൈസ് കമ്മീഷണര്‍, അസി.എക്സൈസ് കമ്മീഷണര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം അഗളി എക്സൈസ് ഇന്‍സ്പെക്ടര്‍ ഇഹ്ലാസ് അലിയുടെ നേതൃ ത്വത്തിലായിരുന്നു പരിശോധന. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ബി രാജേഷ്, അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് പി.കെ ഷിഭു, പ്രസാദ്, പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് ചന്ദ്രന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഭോജന്, രജീഷ്, രങ്കന്, എം.പി അബ്ദുറഹിമാന്, ഡ്രൈവര്‍ വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിന് ആരംഭിച്ച പരിശോധന വൈകിട്ട് ആറരയോടെയാണ് പൂര്‍ത്തിയായത്.സംഭവത്തില്‍ കേസെടുത്തതായും പ്രതികളെ കുറിച്ച് അന്വേഷണം നടത്തിവരുന്നതായും എക്സൈസ് അറിയിച്ചു.
