പാലക്കാട് : ബഡ്സ് നിയമം-2019 പ്രകാരം പോപ്പുലര്‍ ഫിനാന്‍സ് കമ്പനി ലിമിറ്റഡി ന്റെയും കുറ്റാരോപിതരുടെയും പേരിലുള്ള സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടിക്കൊണ്ട് പാലക്കാട് ജില്ലാ കളക്ടറും അസിസ്റ്റന്റ് കോംപീറ്റന്റ് അതോറിറ്റിയുമായ എം.എസ് മാധവിക്കുട്ടി ഉത്തരവിട്ടു. സ്ഥാപനത്തിന്റെ ജില്ലയിലെ പാലക്കാട്, മണ്ണാര്‍ക്കാട് എന്നീ താലൂക്കുകളിലെ ബ്രാഞ്ചുകളില്‍ നിന്ന് 616.31 ഗ്രാം സ്വര്‍ണവും 3,02,460 രൂപയും ഉള്‍പ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് അമിതപലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും, കാലാവധി കഴിഞ്ഞിട്ടും മുതലോ, പലിശയോ, വാഗ്ദാനം ചെയ്തിട്ടുള്ള തുകയോ നിക്ഷേപകര്‍ക്ക് നല്‍കാതെ കബളിപ്പിച്ചതായുള്ള പരാതികളിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പല ജില്ലകളിലെയും വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സ്ഥാപനത്തിനെതിരെ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന്റെ ബ്രാഞ്ചുകള്‍ അടച്ചുപൂട്ടാനും സ്ഥാപനത്തിന്റെ/ കുറ്റാരോപിതരുടെ പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടുന്നതിനും കോംപീറ്റന്റ് അതോറിറ്റി (ഗവണ്മെന്റ് സെക്രട്ടറി) നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.
