അഗളി: അട്ടപ്പാടിയില്‍ കാലില്‍ ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായ കാട്ടാന യ്ക്ക് വനംവകുപ്പ് മയക്കുവെടിച്ച് ചികിത്സ നല്കി. പുതൂര്‍ മഞ്ചിക്കണ്ടി ഭാഗത്ത് അരളിക്കോണം കിണ്ണക്കര മലവാരത്തില്‍ കണ്ടെത്തിയ പിടിയാനയ്ക്കാണ് ശ്രമകര മായ ദൗത്യത്തിനൊടുവില്‍ ചികിത്സ നല്‍കിയത്. കാട്ടാന പൂര്‍ണ ആരോഗ്യം വീണ്ടെ ടുത്തതായും പുതൂര്‍ ആര്.ആര്.ടി. നിരീക്ഷിച്ചുവരുന്നതായും മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. സി.അബ്ദുല്‍ ലത്തീഫ് അറിയിച്ചു.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയില്‍ പട്രോളിങ് നടത്തുകയായിരുന്ന പുതൂര്‍ ആര്.ആര്.ടി യാണ് താവളം-മുള്ളി റോഡില്‍ വലതുമുന്കാലില് പരിക്കേറ്റ നിലയില്‍ ആനയെ കണ്ടത്. ഉടന്‍ മേലുദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടര്‍ന്ന് ഈസ്റ്റേണ്‍ സര്‍ക്കിള്‍ സി.സി.എഫ് കെ. വിജയാനന്ദിന്റെ നിര്‍ദ്ദേശപ്രകാരം മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. സി. അബ്ദുല്‍ ലത്തീഫ്, വെറ്റിനറി ഓഫിസര്‍ ഡോ. ഡേവിഡ് എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ആനയെ ചികിത്സിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പ്രമോദ് ജി.കൃഷ്ണന്റെ അനുമതിയോടെ വെള്ളിയാഴ്ച കരിവഡാം ഭാഗത്ത് വെച്ച് ആനയെ മയക്കുവെടി വെക്കാന്‍ ശ്രമിച്ചെങ്കിലും ആന ഉദ്യോഗസ്ഥര്‍ക്ക് നേരെ തിരിഞ്ഞു. ഇതോടെ സംഘാംഗങ്ങള്‍ ചിതറി ഓടുകയും ഡോക്ടര്‍ ഡേവിഡിന് വീണ് പരിക്കേല്‍ക്കുകയും ചെയ്തതോടെ അന്നത്തെ ദൗത്യം നിര്‍ത്തിവെച്ചു. തുടര്‍ന്ന് ശനിയാഴ്ച രാവിലെ 6:30-ന് ഡ്രോണിന്റെയും ട്രാക്കേഴ്സിന്റെയും സഹായത്തോടെ തിരച്ചില്‍ പുനരാരംഭിച്ചത്. 10:45-ഓടെ ആനയെ മയക്കുവെടി വെച്ചശേഷം മുറിവില്‍ മരുന്നുകെട്ടിവെച്ചു. ഒരുമണിക്കൂറോടെ കാട്ടാന ആരോഗ്യം വീണ്ടെടുത്തതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
അട്ടപ്പാടി റെയ്ഞ്ച് ഓഫിസര്‍ എന്‍.സഫീര്‍, ഡെപ്യുട്ടി റെയ്ഞ്ച് ഓഫിസര്‍ ദിവാകരനുണ്ണി, അട്ടപ്പാടി ആര്.ആര്.ടി, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ സാമുവല്‍ എന്നിവരുടെ നേതൃത്വത്തില്‍ പുതൂര്‍ ആര്.ആര്.ടി, വെറ്റിറിനറി സംഘം, മുക്കാലി, പുതൂര്‍ ഫോറസ്റ്റ് സ്റ്റേഷന് ജീവനക്കാര്‍ ഉള്‍പ്പെട്ട സംഘമാണ് ദൗത്യത്തില്‍ പങ്കെടുത്തത്.
