പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമുകളുടെ സുരക്ഷാ മേല്‍നോട്ടത്തിനായി ജില്ലയില്‍ വിപുലമായ ക്രമീകരണങ്ങളേര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി ഉത്തരവിട്ടു.
അകത്തേത്തറ എന്‍.എസ്.എസ്. എന്‍ജിനീയറിങ് കോളജ്, പാലക്കാട് ഗവ. വിക്ടോറിയ കോളജ്, പത്തിരിപ്പാല മൗണ്ട് സീന ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റിയൂഷന് എന്നിവിടങ്ങളിലെ സ്ട്രോങ്ങ് റൂമുകളിലാണ് ഗസറ്റഡ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയത്. വോട്ടെണ്ണല്‍ ദിനമായ മെയ് നാല് വരെ നീണ്ടുനില്‍ക്കുന്ന ഡ്യൂട്ടിക്കായി ജില്ലയിലെ വിവിധ വകുപ്പുകളില്‍ നിന്നായി 150-ഓളം ഉദ്യോഗസ്ഥരെയാണ് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നിയോഗിച്ചിട്ടുള്ളത്.
ഓരോ കേന്ദ്രത്തിലും പൊലിസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം നിശ്ചിത സമയക്രമത്തില്‍ ഗസറ്റഡ് ഓഫിസര്‍മാര്‍ സുരക്ഷാ ചുമതല വഹിക്കും. സി.സി.ടി.വി ദൃശ്യങ്ങള്‍ നിരീക്ഷിക്കുക, സന്ദര്‍ശക രജിസ്റ്റര്‍ കൃത്യമായി സൂക്ഷിക്കുക, സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ഇവരുടെ പ്രധാന ചുമതലകള്‍. ഏപ്രില്‍ ഒന്‍പത് മുതല്‍ മെയ് മൂന്ന് വരെ രണ്ട് ഷിഫ്റ്റുകളിലായാണ് ഡ്യൂട്ടി ക്രമീകരിച്ചിരിക്കുന്നത്.
