മണ്ണാര്‍ക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ചുള്ള കൊട്ടിക്കലാശം മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ സമാധാനപരമായി നടത്താ നാവശ്യമായ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ പൊലിസും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. ഏപ്രില്‍ ഏഴിന് കൊട്ടി ക്കാലാശം നടത്തുന്നതിന് ഓരോ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പ്രത്യേകം സ്ഥലവും നിശ്ചയിച്ച് നല്കി. വൈകിട്ട് വൈകിട്ട് നാലരയ്ക്ക് ആരംഭിച്ച് കൃത്യം ആറുമണിക്ക് തന്നെ അവസാനിപ്പിക്കണമെന്ന് മണ്ണാര്‍ക്കാട് പൊലിസ് ഇന്‍സ്പെക്ടര്‍ അഷ്റഫ് അറിയിച്ചു.
ഓരോ പാര്‍ട്ടിക്കും അനുവദിച്ച സ്ഥലത്ത് മാത്രമേ പ്രകടനം നടത്താന്‍ പാടുള്ളൂ. യു.ഡി.എഫിന് കോടതിപ്പടിക്ക് സമീപം ഇമേജ് മൊബൈല്ഷോറൂമിന് മുന്‍വശത്തെ പെട്രോള്‍ പമ്പ് മുതല്‍ പൊതുമാരാമത്ത് വകുപ്പ് ഓഫിസിന് ശേഷമുള്ള പെട്രോള്‍ പമ്പുവരെയാണ് സ്ഥലം അനുവദിച്ചിട്ടുള്ളത്. എല്‍.ഡി.എഫിന് സി.പി.എം. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫിസ് മുതല്‍ ബസ് സ്റ്റാന്റ് വരെയും എന്‍.ഡി.എയ്ക്ക് ബി.ജെ.പി. പാര്‍ട്ടി ഓഫിസ് മുതല്‍ ആല്‍ത്തറ ജംങ്ഷന് വരെയും എസ്.ഡി.പി.ഐക്ക് ആശുപത്രിപ്പടി പമ്പ് മുതല്‍ നെല്ലിപ്പുഴ വരെയാണ് അനുമതിയുള്ളത്.റോഡിന്റെ ഒരുവശത്ത് മാത്രമാണ് അനുമതി. മറുവശത്തുകൂടി പരമാവധി വാഹനങ്ങളെ കടത്തിവിടാന്‍ ശ്രമിക്കുമെന്നും ഇന്‍സ്പെക്ടര്‍ അറിയിച്ചു.
കൊട്ടിക്കലാശത്തിനിടെ മറ്റുപാര്‍ട്ടികളുടെ കൊടിതോരണങ്ങള്‍, ഫ്ളക്സുകള്‍ എന്നിവ നശിപ്പിച്ച് പ്രകോപനം സൃഷ്ടിക്കാന്‍ പാടില്ല. മറ്റുപാര്‍ട്ടിക്കാരുടെ പ്രകടന ത്തിനിടയിലേക്ക് വാഹനങ്ങള്‍ ഓടിച്ചുകയറ്റി പ്രകോപനം സൃഷ്ടിക്കരുത്. വലിയ കൊടിതോരണങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിച്ച് പ്രകടനം നടത്തരുത്. മോഡിഫൈ ചെയ്ത സൈലന്‍സര്‍ ഉപയോഗിച്ച് ശബ്ദമലിനീകരണം ഉണ്ടാകാത്തവിധം വാഹനങ്ങളില്‍ പ്രകടനം പാടില്ല. ഇരുചക്ര വാഹനങ്ങളില്‍ വാഹനപ്രചരണ റാലി നടത്തുന്നതായി അറിഞ്ഞിട്ടുണ്ടെന്നും അതില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ മോട്ടോര്‍വാഹന ചട്ടത്തില്‍ അനുശാസിക്കും വിധം മാനദണ്ഡങ്ങള്പൂര്ണമായും പാലിക്കണമെന്നും പൊലിസ് അറിയിച്ചു. കൊച്ചുകുട്ടികള്‍ ഇരുചക്രവാഹനവുമായി എത്തിയാല്‍ നിയമനടപടി സ്വീകരിക്കും.
കൊട്ടിക്കലാശത്തിന് ഉപയോഗിക്കുന്ന വാഹനത്തിന് മൈക്ക് അനുമതി ഉണ്ടെന്ന കാര്യം ഉറപ്പുവരുത്തണം. ഇതിന്റെ പകര്‍പ്പ് വാഹനത്തിന് മുന്നില്‍ കാണത്തക്കവിധം പതിക്കുകയും വേണം. ഡി.ജെ. ഉപയോഗിക്കുന്നതിന് അനുമതി വാങ്ങേണ്ടതാണ്. ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിപരത്തക്കവിധം അനുമതി ഇല്ലാതയെും പടക്കങ്ങള്‍ മറ്റും പൊട്ടിക്കുന്നതിനും അനുമതിയില്ല. കൊട്ടിക്കലാശദിവസം പാലക്കാട് ഭാഗത്തു നിന്നും വരുന്ന വലിയ വാഹനങ്ങള്‍ നൊട്ടമലക്കും മുകളിലും കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കുന്തിപ്പുഴ എത്തുന്നതിന് മുന്‍പും നിര്‍ത്തുന്നതാണെന്നും പൊലിസ് അറിയിച്ചു.
