കല്ലടിക്കോട്: പാലമെന്ന വാലിക്കോട് നിവാസികളുടെ കാലങ്ങളായുള്ള ആവശ്യം യാഥാര്‍ഥ്യമാകുന്നു. കരിമ്പ ഒലിപ്പാറ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചു. പാലം നിര്‍മിക്കാന്‍ പോകുന്ന ഭാഗം മണ്ണെടുത്ത് നിരപ്പാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് തുടങ്ങിയത്. പാലത്തിന്റെ കാലുകള്‍ക്കുള്ള അടിത്തറ കെട്ടാനുള്ള പ്രവര്‍ത്തിയാണ് ഇനി തുടങ്ങുന്നത്.
ഏഴുകോടി 65 ലക്ഷം രൂപയാണ് പാലം നിര്‍മാണത്തിനായി നീക്കിവെച്ചിട്ടുള്ളത്. 60 മീറ്റര്‍ നീളത്തില്‍ 11 മീറ്റര്‍ വീതിയോടുകൂടി ഇരുവശത്തും 50 മീറ്റര്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടെയാണ് പാലം നിര്‍മിക്കുക. മഞ്ചേരിയിലെ എ.ബി.എം. ഫോര്‍ ബില്‍ഡേഴ്സ് എന്ന സ്ഥാപനമാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. വര്‍ഷങ്ങളായി പരിസര വാസികളായ നിരവധി കുടുംബങ്ങള്‍ ഈ പാലത്തിനായി ശബ്ദമുയര്‍ത്തിയിരുന്നു.നാട്ടുകാര്‍ പൗര സമിതി രുപീകരിച്ചുകൊണ്ട് ശക്തമായ ഇടപെടലും നടത്തിവന്നു.വാഹനങ്ങള്‍ പോകാ വുന്ന പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഒരു മാസം മുന്‍പ് കെ.ശാന്ത കുമാരി എം.എല്‍.എ പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനം നടത്തി.
തുപ്പനാട് പുഴക്ക് കുറുകെ വാലിക്കോട് – പാനയംപാടം കുണ്ടുകണ്ടം ഭാഗത്തേക്കായി നടപ്പാലം മാത്രമാണ് നിലവിലുണ്ടായിരുന്നത്. വാഹനങ്ങള്‍ക്ക് പോകാവുന്ന ഈ പാലം യഥാര്‍ഥ്യമാകുന്നതോടെ കരിമ്പ, കടമ്പഴിപ്പുറം, കാരാകുര്‍ശ്ശി എന്നീ പഞ്ചായത്തുക ളിലെ ആളുകള്‍ക്ക് വളരെ വേഗത്തില്‍ എത്താനാകും.
