മണ്ണാര്‍ക്കാട്: വിശ്വാസി ഹൃദയങ്ങളില്‍ ആഹ്ലാദത്തിന്റെ പൂത്തിരിയുമായി വെള്ളിയാഴ്ച ചെറിയപെരുന്നാള്‍. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടിയിലാണ് ശവ്വാ ലിന്റെ പൊന്നമ്പിളി തെളിഞ്ഞത്. ശവ്വാല്‍മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാന ത്തില്‍ വെള്ളിയാഴ്ച ഈദുല്‍ഫിത്വര്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ഇതോടെ നാടും നഗരവും ആഘോഷലഹരിയിലേക്ക് നീങ്ങുകയാണ്.
കഴിഞ്ഞ ഒരു മാസക്കാലം നീണ്ടുനിന്ന പ്രാര്‍ത്ഥനകള്‍ക്കും വ്രതാനുഷ്ഠാനങ്ങള്‍ക്കും ഒടുവിലാണ് വിശ്വാസികള്‍ പെരുന്നാളിനെ വരവേല്‍ക്കുന്നത്. പള്ളികളിലും ഈദ്ഗാ ഹുകളിലും പ്രത്യേക പെരുന്നാള്‍ നമസ്കാരത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ നടക്കുന്ന ഈദ് നമസ്കാരത്തിന് ശേഷം സ്നേഹസംഗമങ്ങളും ആശംസ കൈമാറലും നടക്കും.
വിശുദ്ധഗ്രന്ഥം അവതരിച്ച മാസത്തിന്റെ മഹത്വങ്ങള്‍ നെഞ്ചിലേറ്റി ആത്മസംസ്ക രണം നടത്തിയ മനസ്സും ശരീരവുമായാണ് വിശ്വാസി പുതു ജീവിതത്തിലേക്ക് പ്രവേ ശിക്കുന്നത്. ഈദിന്റെ സന്ദേശവും സന്തോഷവും വിളിച്ചറിയിച്ച് അല്ലാഹുവിന്റെ ഏകത്വവും മഹത്വവും വാഴ്ത്തി തക്ബീര്‍ ധ്വനികള്‍ മുഴക്കി ശവ്വാലിനെ വരവേറ്റു. ഇന്നത്തെ സായാഹ്നത്തോടെ നിര്‍ബന്ധ ദാനധര്‍മമായ ഫിത്വര്‍ സക്കാത്ത് കൊടുത്ത് വീട്ടിയാണ് വിശ്വാസി അവന്റെ ആദ്യ കടമ നിറവേറ്റുന്നത്. ഇന്നത്തെ ചെലവിനുള്ളവ മാറ്റിവെച്ച് മിച്ചമുള്ളതില്‍ നിന്ന് സാധുക്കള്‍ക്ക് വിതരണം ചെയ്യുന്നത് ഈദ് നല്കുന്ന സമഭാവനയുടെ മഹത്തായ ആശയം കൂടിയാണ്.
പരസ്പരം സ്നേഹവും സൗഹൃദവും സന്തോഷവുമാണ് പെരുന്നാള്‍ നല്കുന്ന സന്ദേശം.പുത്തന്‍ വസ്ത്രങ്ങളണിഞ്ഞും രുചികരമായ വിഭവങ്ങള്‍ ഒരുക്കിയും കുടുംബങ്ങള്‍ പെരുന്നാള്‍ ആഘോഷമാക്കും.ഗള്‍ഫ് രാജ്യങ്ങളിലും പെരുന്നാള്‍ വെള്ളിയാഴ്ചയാണ്.
