കൊല്ലം:കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ.വന്ദനാദാസ് കൊല്ലപ്പെട്ട കേസില്‍ പ്രതി കുറ്റക്കാരനെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി. ശിക്ഷാവിധി മാര്‍ച്ച് 19 വ്യാഴാഴ്ച.കുടവട്ടൂര്‍ സ്വദേശിയും അധ്യാപകനുമായ സന്ദീപാണ് കേസിലെ ഏകപ്രതി. ആശുപത്രി സുരക്ഷയെപറ്റി ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച കേസായിരുന്നു ഇത്. 2023 മെയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രയില്‍ വെച്ചാണ് മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയായിരുന്ന വന്ദനാദാസിനെ സന്ദീപ് കുത്തികൊലപ്പെടുത്തിയത്.
കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് എസ്.പി. എം.എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കൊലക്കേസില്‍ പ്രതിയായ സന്ദീപിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങുമ്പോള്‍ സന്ദീപ് സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഇയാളുടെ മാനസികനില പരിശോധനയടക്കം നടന്നു. വിചാരണയ്ക്കു തടമില്ലെന്ന് കണ്ടെത്തിയതോടെ സാക്ഷിവിസ്താരമടക്കമുള്ളവ നടന്നു. 22 തൊണ്ടിമുതലുകളും 27 രേഖകളും കോടതിയില്‍ ഹാജരാക്കി.
എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചതില്‍ അന്പതുപേരും ഡോക്ടര്മാരായിരുന്നുവെന്ന അപൂര്‍വതയും കേസിലുണ്ട്. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന ആവശ്യമാണ് പ്രോസിക്യൂഷന് മുന്നോട്ടുവെച്ചിട്ടുള്ളത്. ഡോ.വന്ദനയെ കൊലപ്പെടുത്തിയതിന് കൊലപാതകക്കുറ്റവും സാക്ഷികളെ ദേഹോപദ്രവം ഏല്‍പ്പിച്ചതിന് വധശ്രമവും ചുമത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരായ സാക്ഷികളുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ആശുപത്രി ജീവനക്കാരെ ആക്രമിച്ചതിനും തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചതിനും വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിട്ടുള്ളത്. content credit to mathrubhumi online
