എടത്തനാട്ടുകര: വിശുദ്ധ റമദാനിലൂടെ നേടിയെടുത്ത ആത്മവിശുദ്ധിയും സൂക്ഷ്മ തയും വിശ്വാസികള്‍ ജീവിതകാലം മുഴുവന്‍ നിലനിര്‍ത്തണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ് സംഘടിപ്പിച്ച റമദാന് വിജ്ഞാനവേദി ആഹ്വാനം ചെയ്തു.
ആഘോഷങ്ങളില്‍ അതിര് കടക്കാതിരിക്കാനും, പ്രയാസമനുഭവിക്കുന്ന സഹജീവിക ളോട് കരുണ കാണിക്കാനും റമദാനിന്റെ അവസാന നാളുകളില്‍ വിശ്വാസി സമൂഹം പ്രത്യേക ശ്രദ്ധ ചെലുത്തണം.സാമ്പത്തിക വിശുദ്ധി നേടാനായി സകാത്ത് വിഹിതം അര്‍ഹരിലെത്തിക്കാന്‍ വിശ്വാസികള്‍ കടുത്ത ജാഗ്രത പുലര്‍ത്തണം. സാമ്പത്തിക വിശുദ്ധി നഷ്ടപ്പെട്ടാല്‍ മറ്റു ആരാധനാ കര്‍മ്മങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കില്ലെന്ന തിരിച്ചറിവ് വിശ്വാസികള്ക്കുണ്ടാകണമെന്നും വിജ്ഞാന വേദി അഭിപ്രായപ്പെട്ടു.
കോട്ടപ്പള്ള സ്റ്റാറ്റസ് മാളില്‍ നടന്ന പ്രഭാഷണ പരമ്പരയില്‍ ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് നന്മകള് നിലനിര്‍ത്താന്‍ എന്ന വിഷയത്തിലും ശാഫി സ്വബാഹി ജനനം വിവാഹം മരണം, കര്‍മശാസ്ത്ര കാഴ്ചപ്പാടില്‍ എന്ന വിഷയത്തിലും മൂസ സ്വലാഹി വിള്ളലുകള്‍ വീഴുന്ന വിശ്വാസം എന്ന വിഷയത്തിലും പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് വി.പി ഉമ്മര്‍ മാസ്റ്റര്‍ അധ്യക്ഷനായി. ചടങ്ങില്‍ ദാറുല്‍ ഖുര്‍ആന്‍ സ്കൂള്‍ ഓഫ് ഖുര്‍ആന്‍ സെന്റര്‍, അല്‍ ഹിക്മ മദ്രസ എന്നിവിടങ്ങളിലെ വിവിധ മത്സര വിജയികള്‍ക്ക് ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.
ജില്ലാ ജോ. സെക്രട്ടറിമാരായ ഒ. മുഹമ്മദ് അന്‍വര്‍, സാദിഖ് ബിന്‍ സലീം, ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ സദഖത്തുള്ള, മണ്ഡലം മുന്‍ പ്രസിഡന്റ് ഹംസ മാടശ്ശേരി, വിസ്ഡം സ്റ്റുഡന്‍സ് മണ്ഡലം പ്രസിഡന്റ് ബിന്‍ഷാദ് വെള്ളേങ്ങര, മണ്ഡലം സെക്രട്ടറി ടി. കെ. സദീദ് ഹനാന്, ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ് പ്രസിഡന്റ് എം. മൊയ്തീന് മാസ്റ്റര്‍, കെ. പി. റഫീഖ് എന്നിവര്‍ സംസാരിച്ചു.കളിച്ചങ്ങാടം ബാലസമ്മേനത്തിന് നിവാസ് വളാഞ്ചേരി, അജ് വദ് ആലക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
