എന്‍.കെ.വി.എം. സമൃദ്ധി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി അനുമോദിച്ചു
മണ്ണാര്‍ക്കാട്: കാല്‍നൂറ്റാണ്ടായി ജൈവകൃഷിയില്‍ വിജയംകൊയ്യുന്ന കണ്ടമംഗലം സ്വദേശി സോജി മാത്യു (49)വിനെ തേടി വീണ്ടും കാര്‍ഷിക പുരസ്കാരമെത്തി. ഇന്‍ഫോസിസ് സ്ഥാപകാംഗം എസ്.ഡി ഷിബുലാലിന്റെ നേതൃത്വത്തില്‍ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സരോജിനി-ദാമോദരന്‍ ഫൗണ്ടേഷന്റെ അക്ഷയശ്രീ 2026 ജില്ലാ തല പുരസ്കാരത്തിനാണ് സോജി അര്‍ഹനായത്. അമ്പതിനായിരം രൂപയും ഉപഹാരവും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന പുരസ്കാരം മാര്‍ച്ച് 28ന് ആലപ്പുഴയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് വിതരണം ചെയ്യും.
കൃഷിയൊരിക്കലും നഷ്ടമാവില്ലെന്ന് തന്റെ 25വര്‍ഷത്തെ ആത്മസമര്‍പ്പണത്തിലൂടെ തെളിയിച്ച കര്‍ഷകനാണ് കോട്ടോപ്പാടം കണ്ടമംഗലം പുതുപ്പറമ്പില്‍ മാത്യു ജോസഫി ന്റെ മകന് സോജി മാത്യു. പിതാവിന്റെ ശാരീരിക അവശതകളെ തുടര്‍ന്ന് കംപ്യൂട്ടര്‍ അധ്യാപക ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം കൃഷിയിലേക്കിറങ്ങിയത്. തുടക്കത്തില്‍ സ്നേഹപൂര്‍ണമായ പലഎതിര്പ്പുകളും നേരിടേണ്ടി വന്നെങ്കിലും, ജൈവകൃഷിയി ലൂടെ അദ്ദേഹം പടുത്തുയര്‍ത്തിയ കാര്‍ഷിക സാമ്രാജ്യം ഇന്ന് അനുകരണീയമായ മാതൃകയാണ്. തെങ്ങ്,കവുങ്ങ്, ജാതി, കുരുമുളക്, വാനില എന്നിവയ്ക്കൊപ്പം വിദേശ ഫലവൃക്ഷങ്ങളും ഔഷസസ്യങ്ങളും ഇവിടെ സമൃദ്ധമായി വളരുന്നു. പശു, മീന്‍. കോഴി, തേനീച്ച വളര്‍ത്തല്‍ എന്നിവ കാര്ഷികവരുമാനത്തിനപ്പുറം കൃഷിയിടത്തി നാവശ്യമായ വളവും പരാഗണവും ഉറപ്പാക്കുന്നു. ജീവാമൃതം, പഞ്ചഗവ്യം, ഫിഷ് അമി നോ ആസിഡ് തുടങ്ങിയ ജൈവവളങ്ങള്‍ സ്വന്തമായി നിര്‍മിക്കുന്നതിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിര്‍ത്താനും ഇദ്ദേഹത്തിന് സാധിക്കുന്നുണ്ട്.
ശാസ്ത്രീയമായ ജലസേചന രീതികളും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവു മാണ് സോജിയുടെ വിജയത്തിന്റെ പ്രധാന രഹസ്യം. തേന്‍, വെളിച്ചെണ്ണ, ജാതിക്ക, വിവിധ പൊടികള്‍ എന്നിവ നേരിട്ടും നാട്ടുചന്ത വഴിയും വിപണനം ചെയ്യുന്നു. മികച്ച ഗുണനിലവാരം പുലര്‍ത്തുന്ന ജൈവകര്‍ഷകര്‍ക്ക് ലഭിക്കുന്ന നാഷണല്‍ പ്രോഗ്രാം ഫോര്‍ ഓര്‍ഗാനിക് പ്രോഗ്രാം (എന്‍.പി.ഒ.പി.) പാര്‍ട്ടിസിപ്പേറ്ററി ഗ്യാരണ്ടി സിസ്റ്റം (പി.ജി.എസ്.) തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. നിലവില്‍ എന്‍.കെ.വി.എം. സമൃദ്ധി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി മാനേജിങ് ഡയറക്ടര്‍, കൃഷിഭവന് എഫ്.ഐ.ജി. പ്രസിഡന്റ് കുമരംപുത്തൂര്‍ ലയണ്‍സ് ക്ലബ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തി ക്കുന്നു. ഇത്തവണത്തെ സംസ്ഥാന സർക്കാറിൻ്റെ മികച്ച ജൈവകർഷക അവാർ ഡിൻ്റെ അന്തിമ പട്ടികയിലും സോജി ഇടം നേടിയിരുന്നു.ഭാര്യ നിഷയും മാതാവ് റോസക്കുട്ടിയും മകള്‍ ഫെബയും അടങ്ങുന്ന കുടുംബ ത്തിന്റെ പൂര്‍ണ പിന്തുണ ഈ കര്‍ഷകനുണ്ട്.
അക്ഷയശ്രീ പുരസ്കാര ജേതാവ് സോജി മാത്യുവിനെ എന്‍.കെ.വി.എം. സമൃദ്ധി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ചടങ്ങില്‍ ഇ.വി ഏലിയാസ് മാസ്റ്റര്‍, സുധീഷ്, ദേവദാസ് നരിപ്പിലിയങ്ങാട്, സിബിന് ഹരിദാസ് , മധൂ സൂദനന്‍, ശാന്തകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
