‘ശശി പോയാല്‍ ശശിക്ക് പോയി’:എ.വിജയരാഘവന്
മണ്ണാര്‍ക്കാട്: മറ്റുരാഷ്ട്രീയപാര്ട്ടികളില് നിന്നും വ്യത്യസ്തമായി കൃത്യമായ ലക്ഷ്യ ബോധമുള്ളതാണ് സി.പി.എം. എന്നും ജനങ്ങളാണ് പാര്‍ട്ടിയുടെ ഉടസ്ഥരെന്നും പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തി ല്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വ്യക്തികളേക്കാള്‍ വലുത് പ്രസ്ഥാനമാണെന്നും അച്ചടക്കം ലംഘിക്കുന്നവര്‍ക്കും തെറ്റുതിരുത്താന്‍ തയാറാകാത്തവര്ക്കും പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.എമ്മില്‍ നിന്നും പുറത്താക്കിയ പി.കെ ശശിയേ അദ്ദേഹം പേരെടുത്ത് വിമര്‍ശിച്ചു. ശശി പോയാല്‍ ശശിക്ക് പോയി എന്നല്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അരനൂറ്റാണ്ടുകാലും പ്രവര്‍ത്തിച്ചിട്ടും തെറ്റുതിരുത്താന്‍ കഴിയാത്ത ഒരാള്‍ക്ക് നില്ക്കാന് പറ്റിയ ഇടമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. തെറ്റായ പ്രവണതകളുമായി മുന്നോട്ട് പോകുന്നവര്‍ ചെന്നുനില്ക്കുന്നത് വര്‍ഗശത്രുക്കളുടെ പാളയത്തിലാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

കുടു കോംപ്ലക്സില്‍ നടന്ന യോഗത്തില്‍ ജില്ലാ കമ്മിറ്റി അംഗം യു.ടി രാമകൃഷ്ണന് അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗം കെ.എസ് സലീഖ, ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.പ്രേംകുമാര്‍ എം.എല്‍.എ., കെ.സി റിയാസുദ്ദീന്‍, പി.എം ആര്‍ഷോ, ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി, കെ.കെ രാജന്, എം.വിനോദ്കുമാര്‍, പി.അലവി, കെ.മന്‍സൂര്‍, ഐലക്കര മുഹമ്മദാലി, മണികണ്ഠന് നാവായത്ത്, നിസാര്‍ മുഹമ്മദ്, എം.മനോജ് എന്നിവര്‍ സംസാരിച്ചു.
