കോട്ടോപ്പാടം: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ താല്‍ക്കാലിക വാച്ചര്‍ ഷൈജുവിന്റെ കുടുംബത്തിന് അടിയന്തര ധന സഹായമായി സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു. പത്ത് ലക്ഷം രൂപയാണ് ആശ്രിതര്‍ക്ക് നല്‍കുക. ഇതില്‍ അടിയന്തര സഹായമായ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കെ.വിജയാനന്ദ് ഷൈജുവിന്റെ അമ്മ ശാരദയ്ക്ക് കൈമാറി. സഹോദരങ്ങളില്‍ ഒരാള്‍ക്ക് വനംവകുപ്പില്‍ ജോലി നല്കുമെ ന്നും അദ്ദേഹം അറിയിച്ചു.
ജനവാസമേഖലയിലേക്കെത്തുന്ന കാട്ടാനകളെ തുരത്താന്‍ ശക്തമായ നടപടികളുണ്ടാ കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.സ്ഥിരം പ്രശ്നക്കാരായ ആനകളാണെങ്കില്‍ കുങ്കിയാനകളെ എത്തിച്ച് മലകയറ്റാനുള്ള നടപടി സ്വീകരിക്കാമെന്ന് സി.സി.എഫ്. പറഞ്ഞു. ആവശ്യമെങ്കില്‍ പ്രത്യേക അനുമതിയോടെ ആനയെ പിടികൂടി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. സി. പി.എം ജില്ലാ കമ്മിറ്റി അംഗം യു.ടി രാമകൃഷ്ണന്, ഏരിയ സെക്രട്ടറി എന്‍.കെ നാരായണ ന്‍കുട്ടി, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.മനോജ്, കെ.കെ രാജന് മാസ്റ്റര്‍, കോണ്‍ഗ്രസ് നേതാവ് ടി.കെ ഇപ്പു, എന്‍.സി.പി നേതാവ് ഷാജഹന് ഉമ്മരന്‍, കോട്ടോപ്പാടം പഞ്ചായ ത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സൈനുദ്ദീന്‍ താളിയില്‍ തുടങ്ങിയവര്‍ സ്ഥലത്തെ ത്തിയിരുന്നു.
മണ്ണാര്‍ക്കാട് വനംഡിവിഷനില്‍ ഏറ്റവും കൂടുതല്‍ ആനശല്യം റിപ്പോര്‍ട്ട് ചെയ്യുന്നത് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലാണ്. വനാതിര്‍ത്തിയില്‍ സ്ഥാപിച്ച പ്രതിരോധ സംവിധാനങ്ങളും കൂടാതെ വനപാലകരുടെ ജാഗ്രതാപ്രവര്ത്തനങ്ങളുടേ യും ഫലമായി മേഖലയില്‍ കാട്ടാന ശല്യത്തിന് കുറച്ച് അയവുവന്നിട്ടുണ്ട്. എന്നാല്‍ വേനലെത്തിയതോടെ കാട്ടാനകള്‍ വീണ്ടും ജനവാസകേന്ദ്രത്തിലേക്കെത്തുന്ന സ്ഥി തിയാണ്. കൃഷിനാശവും വരുത്തുന്നുണ്ട്. ഇത്തരത്തില്‍ വനംവകുപ്പ് കണ്ടെത്തിയ രണ്ട് ആനകളെ തിങ്കളാഴ്ച രാത്രി കോട്ടാനി റിസര്‍വിലെ ചെന്നേരി ഭാഗത്തേക്ക് തുര ത്തിയിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഈ കാട്ടാനകളെ സൈലന്റ്വാലി വനമേഖലയിലേക്ക് തുരത്തുന്നതിനിടെയാണ് കാട്ടാന വനംവാച്ചറെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
