കല്ലടിക്കോട് : കരിമ്പ പഞ്ചായത്തിലെ കല്ലടിക്കോട്, കുന്നത്തുക്കാട്, ചക്കാംതൊടി, കളപ്പാറ, മുട്ടിയന്‍കാട് ഭാഗങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. പലയിടത്തും വാഴകൃഷികള്‍, തെങ്, കമുങ്ങ് തുടങ്ങിയവ നശിപ്പിച്ചാണ് ഇവ കാടുകയറുന്നത്. കഴിഞ്ഞ ദിവസം കുന്നത്തുക്കാട് പപ്പനിശ്ശേരി ബിനുവിന്റെ കൃഷിയിടത്തിലെത്തിയ കാട്ടാനകള്‍ 50 ലധികം കുലച്ച വാഴകളും, കമുകിന് തൈകളും നശിപ്പിച്ചു. ഒരു മാസത്തില്‍ മിക്ക ദിവസങ്ങളിലും കാട്ടാനകള്‍ എത്താറുണ്ട്. വേനല്‍ കൂടിയത് കൊണ്ടു വെള്ളത്തിനും ചക്ക, മാങ്ങ പോലുള്ളവ കഴിക്കാനുമാണ് ആനകള്‍ കൂടുതല്‍ എത്തുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ മൂന്നുതവണകളായി ബിനുവിന്റെ തോട്ടത്തില്‍ ഇറങ്ങിയ കാട്ടാനകള്‍ 200 ലധികം വാഴകളാണ് നശിപ്പിച്ചത്. നഷ്ടപ്പെട്ടതിന്റെ പകുതിപ്പോലും നഷ്ടപരിഹാരമായി ലഭിക്കാറില്ലെന്ന് ബിനു പറഞ്ഞു. അതിരാവിലെയാണ് കൂടുതലും കാട്ടാനകള്‍ ഇറങ്ങുന്നത് അതിനാല്‍ റബ്ബര്‍ കര്‍ഷക രെയും കാര്യമായി ബാധിക്കുന്നുണ്ട്.
