കോട്ടോപ്പാടം: ജനവാസമേഖലയിലെക്കെത്തുന്ന കാട്ടാനകളെ തുരത്തുന്നതിനിടെ, കാട്ടാനയുടെ ആക്രമണത്തില്‍ വനംവാച്ചര്‍ക്ക് ദാരുണാന്ത്യം. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ താത്കാലിക വാച്ചര്‍ തിരുവിഴാംകുന്ന് പൂളക്കുന്ന് പുളിക്കലടി ഉന്നതയിലെ പരേതനായ ഗോപാലന്റെ മകന് ഷൈജു (28) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ചെന്നേരിക്കുന്ന് ഭാഗത്തുവെച്ചായിരുന്നു സംഭവം.
കഴിഞ്ഞദിവസം കൃഷിയിടത്തിലെത്തിയ രണ്ട് കാട്ടാനകളെ വനപാലകര്‍ ചേര്‍ന്ന് തുരത്തി കോട്ടാനി റിസര്‍വിലെ ചെന്നേരി ഭാഗത്തേക്ക് കയറ്റിവിട്ടിരുന്നു. മരിച്ച ഷൈജു ഉള്‍പ്പെട്ട വാച്ചര്‍മാരുടെ സംഘം ചൊവ്വാഴ്ച രാവിലെ നടത്തിയ തിരച്ചിലില്‍ ചെന്നേരി ഭാഗത്തായി ഒരു കൊമ്പനേയും മോഴയാനയേയും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഉച്ചക്ക് രണ്ടരയോടെ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സി.ഗിരീഷിന്റെ നേതൃത്വത്തിലുള്ള വനപാലകരും, വാച്ചര്‍മാരും ആര്.ആര്.ടിയും ചേര്‍ന്ന് തുരത്താനാരംഭിച്ചു. ദൗത്യം നടക്കുന്ന സമയങ്ങളില്‍ കരടിയോട്, ഇരട്ടവാരി, മേലേക്കളം നിവാസികളും ഈ പ്രദേശത്തുകൂടി യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിരുന്നു.
15 പേരുള്‍പ്പെട്ട സംഘമാണ് ദൗത്യത്തിനായി ഇറങ്ങിയത്. ഇതില്‍ പത്തോളം പേര് മൂന്ന് സംഘങ്ങളായി തിരഞ്ഞ് വിവിധസ്ഥലറങ്ങളില് നിന്നായി ആനയെ കാടുകയറ്റാനുള്ള ശ്രമങ്ങള്‍ നടത്തി. മറ്റുള്ളവര്‍ ആനകളെ നീരീക്ഷിച്ച് വരികയും ചെയ്തു. പടക്കം പൊട്ടിച്ചും പമ്പ് ആക്ഷന്‍ ഗണ്‍ ഉപയോഗിച്ചും തുരത്തുന്നതിനിടെ ചെന്നേരിഭാഗത്ത് നിന്നും ആനകള്‍ തിരിഞ്ഞ് കാളംപുള്ളി ഭാഗത്തേക്കെത്തി. ഇവിടെ നിന്നും വീണ്ടും തുരത്തെ ചെന്നേരിയിലെത്തിച്ച് മണ്ണാത്തിവഴി സൈലന്റ്വാലി വനത്തിലേക്ക് ഓടിച്ചുകയറ്റാനാണ് ശ്രമിച്ചത്. ഇതിനിടെ ഷൈജു ഉള്‍പ്പെട്ട മൂന്നംഗ സംഘത്തിന് നേരെ ചെന്നേരിക്കുന്നില്വെച്ച് കൊമ്പന് പെട്ടെന്ന് തിരിഞ്ഞ് പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ മൂവരും ചിതറിയോടി. ഇതിനിടെ വീണുപോയ ഷൈജുവിനെ ആന ആക്രമിക്കുകയായിരുന്നു.
കൂടെയുണ്ടായിരുന്നവര്‍ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് നടത്തി തിരച്ചിലിലാണ് നെഞ്ചില്‍ ചവിട്ടേറ്റനിലയില്‍ സാരമായ പരിക്കുകളോടെ കിടക്കുന്ന ഷൈജുവിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ വട്ടമ്പലം മദര്‍കെയര്‍ ആശുപ ത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിവരമറിഞ്ഞ് എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഡി.എഫ്.ഒ. സി.അബ്ദുല്‍ ലത്തീഫ്, റെയ്ഞ്ച് ഓഫിസര്‍ ഇമ്രോസ് ഏലിയാസ് നവാസ് എന്നിവരും സ്ഥലത്തെത്തി. നാലുവര്‍ഷത്തോളമായി വനംവകുപ്പില്‍ താത്കാലിക വാച്ചറായി ജോലി ചെയ്തുവരുന്ന ഷൈജു ആനയെ തുരത്തുന്നതില്‍ വൈദഗ്ദ്ധ്യമുള്ളയാളാണെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.അമ്മ: ശാരദ. സഹോദരങ്ങള്‍: ബിജു, സിജു, ബിന്ദു, സിന്ധു.