പാലക്കാട്: വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്കുന്നവര് ഉപഭോക്തൃ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് പാലക്കാട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് ഉത്തരവിട്ടു. വിവരാവകാശ നിയമപ്രകാരം നിശ്ചിത ഫീസ് അടച്ച് വിവരങ്ങള്‍ തേടുന്ന ഒരാളെ ‘ഉപഭോക്താവ്’ ആയി പരിഗണിക്കാനാവില്ലെന്ന് കമ്മീഷന് വ്യക്തമാക്കി.
ആവശ്യപ്പെട്ട വിവരങ്ങള്‍ കൃത്യമായി നല്‍കിയില്ലെന്ന് ആരോപിച്ച് പാലക്കാട് നഗരസഭാ സെക്രട്ടറിക്കെതിരെ അപേക്ഷകന് നല്കിയ പരാതി തള്ളിക്കൊണ്ടാണ് കമ്മീഷന്റെ ഈ നിരീക്ഷണം. വിവരാവകാശ നിയമപ്രകാരം ഫീസ് അടയ്ക്കുന്ന അപേക്ഷകന് ഉപഭോക്താവ് എന്ന നിര്‍വചനത്തിലോ, ഫീസ് സ്വീകരിച്ച് വിവരം നല്കുന്ന ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സര്‍വീസ് പ്രൊവൈഡര്‍ എന്ന വിഭാഗത്തിലോ ഉള്‍പ്പെടില്ലെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി.
ഈ വിഷയത്തില്‍ ദേശീയ ഉപഭോക്തൃ കമ്മീഷന്റെ മൂന്നംഗ ബെഞ്ച് 2015-ല്‍ പുറപ്പെടുവിച്ച വിധി പരാമര്‍ശിച്ചുകൊണ്ടാണ് പാലക്കാട് ജില്ലാ കമ്മീഷന്റെ ഉത്തരവ്.
