മണ്ണാര്‍ക്കാട്: മതിവരാകാഴ്ചകളുടെ ചെപ്പുതുറന്ന ചെട്ടിവേലയോടെ വിഖ്യാതമായ മണ്ണാര്‍ക്കാട് പൂരത്തിന് കൊടിയിറങ്ങി. ഒരാഴ്ചക്കാലം നാടിന് ഉത്സവച്ചന്തം പകര്‍ന്ന പൂരത്തിലെ പ്രധാനമായ ചെട്ടിവേല കാണാന്‍ നാടിന്റെ നാനാവഴികളില്‍ നിന്നും പൂരപ്രേമികള്‍ മണ്ണാര്‍ക്കാട്ടേക്ക് ഒഴുകിയെത്തി. എങ്ങും പൂരംനിറഞ്ഞതോടെ പുരുഷാ രമായി നഗരം.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സ്ഥാനീയ ചെട്ടിയാന്മാരെ ആനയിക്കുന്നതിന് ഭഗവ തിയുടെ അനുവാദം തേടുന്ന യാത്രാബലിയും താന്ത്രികചടങ്ങുകളും നടന്നു.പരമ്പരാഗ ത ആചാരപ്രകാരം വാളും പരിചയുമേന്തി ഗജവീരന്റെ അകമ്പടിയോടെ പൂരാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാനീയ ചെട്ടിയാന്മാരെ ആനയിക്കാന്‍ പുറപ്പെട്ടു. പ്രതിനിധികളെ സ്വീകരിച്ചശേഷം മുമ്മൂര്‍ത്തി ക്ഷേത്രം റോഡ് വഴി ആനക്കട്ടി റോഡി ലൂടെ നെല്ലിപ്പുഴ ജങ്ഷനിലെത്തി ഇവിടെ നിന്നും വൈകിട്ട് സാംസ്കാരിക ഘോഷയാ ത്ര തുടങ്ങി.ധര്‍മര്‍ കോവില്‍, തോരാപുരം നോര്‍ത്ത്, ചേലേങ്കര പച്ചക്കാട്, പാറപ്പുറം, മുക്കണ്ണം, തോരാപുരം സൗത്ത് തുടങ്ങിയ ദേശവേലകള്‍ ഒന്നിനുപിറകെ ഒന്നായി എത്തി. ഓരോവേലവരും ദേശത്തിന്റെ കരുത്തും പ്രൗഢിയും വിളിച്ചോതി. പലവിധ വേഷങ്ങളും രൂപങ്ങളും കണ്ണിന് വിരുന്നൊരുക്കി.ദേശവേലകളും ഘോഷയാത്രയും കാണാന്‍ ദേശീയപാതയോരത്ത് ജനസഞ്ചയം കാത്തുനിന്നു.
അതിനിടെ ചെട്ടിവേലയോടനുബന്ധിച്ച് ദേശീയപാതയില്‍ ഗതാഗതനിയന്ത്രണമേര് പ്പെടുത്തിയെങ്കിലും വൈകിട്ട് അഞ്ചുവരെ ബസുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ നഗരത്തിലൂടെയെത്തിയത് ഘോഷയാത്രക്ക് തടസമായി. ഇതില്‍ പ്രതിഷേധിച്ച് പൂരാഘോഷ കമ്മിറ്റി ഭാരവാഹികളായ കെ.സി സച്ചിദാനന്ദന്, എം.പുരുഷോത്തമന് ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധവുമായെത്തി. തുടര്‍ന്ന് ഡി.വൈ.എസ്.പി., ഇന്‍സ്പെക്ടര്‍ ഉള്‍പ്പടെയുള്ള പൊലിസ് സംഘമെത്തി ഭാരവാഹികളുമായി ചര്‍ച്ച നടത്തി ഗതാഗതം നിയന്ത്രിച്ചിട്ടുണ്ടെന്ന് ഉറപ്പുനല്‍കിയതിനെതുടര്‍ന്നാണ് വേലകള്‍ പിന്നീട് ക്ഷേത്ര ത്തിലേക്ക് പുറപ്പെട്ടത്.
ദേശവേലകള്‍ ക്ഷേത്രത്തിലെത്തിയതോടെ ബലിക്കല്പുരയില് ദീപാരാധന നടന്നു. തുടര്‍ന്ന് ഭഗവതിയുടെ ആറാട്ടുമുണ്ടായി. ആറാട്ട് തിരിച്ചെഴുന്നെള്ളി ക്ഷേത്രത്തിലെ ത്തിയ ശേഷം 21 പ്രദക്ഷിണത്തോടെ പൂരം കൊടിയിറങ്ങി. അത്താഴപൂജയും നടന്നു.
