കാഞ്ഞിരപ്പുഴ: പൊതുവിദ്യാലയങ്ങളുടെ മികവുകള്‍ പങ്കുവെക്കുന്നതിനായി കൈറ്റ് സംഘടിപ്പിച്ച വിദ്യാഭ്യാസ റിയാലിറ്റി ഷോ ‘കൈറ്റ് ഹരിതവിദ്യാലയം 4.0’ ഗ്രാന്‍ഡ് ഫിനാലെയില്‍ സെക്കന്ററി വിഭാഗത്തില്‍ പൊറ്റശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്നാം സമ്മാനം നേടി.വിവിധ ഘട്ടങ്ങളായി നടന്ന ഈ മത്സരത്തില്‍ പങ്കെടു ത്ത 825 സ്കൂളുകളില്‍ നിന്നാണ് പൊറ്റശ്ശേരി സ്കൂള്‍ ആദ്യ സ്ഥാനം കരസ്ഥമാക്കിയത്.
തിരുവനന്തപുരത്ത് നടന്ന ഗ്രാന്റ് ഫിനാലെയില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സമ്മാനങ്ങള്‍ വിതരണം ചെയ്തു. 8.4 ലക്ഷം രൂപയുടെ ഐ.ടി ഉപകരണങ്ങളും മൊമെന്റോയുമാണ് സ്കൂളിന് സമ്മാനമായി ലഭിച്ചത്. സ്കൂളിന്റെ വേറിട്ട പ്രവര്‍ത്തനങ്ങളായ ശാസ്ത്രവണ്ടി, കൂടൊരുക്കല്‍, കുട്ടികളുടെ കമ്പനി, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ഉള്‍ച്ചേര്‍ക്കല്‍ വിദ്യാഭ്യാസം, ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ഡറി ഏകോപനം എന്നിവയൊക്കെയാണ് സ്കൂളിനെ ഒന്നാമതെത്തിച്ചത്.
ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍. എസ്.കെ ഉമേഷ് അധ്യക്ഷത വഹിച്ചു. കൈറ്റ് സി.ഇ. ഒ അന്‍വര്‍ സാദത്ത് , എസ്.സി.ഇ.ആര്.ടി ഡയറക്ടര്‍ ഡോ. ആര്.കെ ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.സംസ്ഥാന തലത്തില്‍ തന്നെ ഏറ്റവും മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടത് അഭിമാനകരമായ നേട്ടമാണെന്ന് പ്രിന്‍സിപ്പല്‍ പി.സന്തോഷ് കുമാര്‍, പ്രധാനാധ്യാപിക ടി.സബിത, പി.ടി.എ. പ്രസിഡന്റ് പി.ജയരാജന്, സ്റ്റാഫ് സെക്രട്ടറി മൈക്കിള്‍ ജോസഫ്, സ്കൂള്‍ പാര്‍ലമെന്റ് ചെയര്മാന് വി. പ്രഫുല്‍ദാസ് എന്നിവര്‍ പറഞ്ഞു.
