മണ്ണാര്‍ക്കാട്: തച്ചമ്പാറ പഞ്ചായത്തിലെ പാലക്കയം വാക്കോടന്‍ നിരവുഭാഗത്ത് നിന്നും വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ പുള്ളിപ്പുലിയെ പറമ്പിക്കുളം കടുവാ സംര ക്ഷണ കേന്ദ്രത്തില്‍ തുറുന്നുവിട്ടതായി മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. സി.അബ്ദുല്‍ ലത്തീഫ് അറിയിച്ചു. ധോണിയിലെ വന്യജീവി ആരോഗ്യകേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരു ന്ന പുലിയുടെ ആരോഗ്യസ്ഥിതി ഉറപ്പുവരുത്തിയ ശേഷമാണ് മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫിസര്‍ ഇമ്രോസ് നവാസ് ഏലിയാസിന്റെ നേതൃത്വത്തില്‍ വനപാലകരും ആര്.ആര്.ടിയും ചേര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് പുലിയെ വനത്തില്വിട്ടയച്ചത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് നിരവിലെ ആക്കാമറ്റം ജോര്‍ജ് ജോസഫിന്റെ പറമ്പില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ നാലുവയസ് പ്രായം മതിക്കുന്ന ആണ്‍പുലി കുടുങ്ങിയത്. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുലിയെ മണ്ണാര്‍ക്കാട്ടെ വനംവകുപ്പ് കേന്ദ്രത്തിലെത്തിലെത്തിക്കുകയും പിന്നീട് ധോണിയിലേക്ക് മാറ്റുകയും ചെയ്തു. ഇവിടെ നിരീക്ഷണത്തിന് ശേഷമാണ് പുലിയെ പറമ്പിക്കുളം കടുവാ സംരക്ഷ ണ കേന്ദ്രത്തില്‍ വിട്ടതെന്നും അധികൃതര്‍ അറിയിച്ചു.
രണ്ട് മാസത്തിനിടെ വാക്കോടന്‍ മലയടിവാരത്തുനിന്നും പിടികൂടിയ രണ്ട് പുലികളെ ശിരുവാണിയിലെ കേരളാമേട് ഭാഗത്തെ ഉള്‍വനത്തിലാണ് വിട്ടിരുന്നത്. ഇത്തവണ പിടികൂടിയ പുലിയെ യാതൊരുകാരണവശാലും ശിരുവാണിയില്‍ തുറന്നുവിടരു തെന്ന് നാട്ടുകാര്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. ശിരുവാണി വനത്തില്‍ തുറന്നു വിടുന്ന പുലികള്‍ വീണ്ടും ജനവാസമേഖലയിലെത്തി വളര്‍ത്തുമൃഗങ്ങളെ പിടികൂ ടുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് വനംവകുപ്പ് ഇതില്‍ മാറ്റംവരുത്തിയത്.
കുടിയേറ്റ മേഖലയായ പാലക്കയത്തെ വാക്കോടന്‍ മേഖലയില്‍ മാസങ്ങളായി പുലി ശല്യം രൂക്ഷമാണ്. നിരവധി വളര്‍ത്തുമൃഗങ്ങളെയും വന്യമൃഗം കൊന്നിട്ടുണ്ട്. പാലക്കയം, ഇരുമ്പകച്ചോല, പൂഞ്ചോല, കല്ലടിക്കോടന്‍ മലയോരമേഖലയിലെ ജനങ്ങള്‍ വന്യമൃശല്യം മൂലം വലിയ ആശങ്കയിലാണ്.
