ജില്ലയില്‍ 4767 പട്ടയങ്ങള്‍ വിതരണം ചെയ്തു
മുണ്ടൂര്‍ : അടിസ്ഥാന ജനവിഭാഗങ്ങളെ മുന്‍നിര്‍ത്തിയുള്ള വികസനമാണ് സര്‍ക്കാര്‍ തുടര്‍ച്ച യായി നടപ്പിലാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുണ്ടൂര്‍ എബ്രസണ് കണ്വെന്ഷന് സെന്ററില്‍ നടന്ന ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് 456689 പേര് ഭൂമിയുടെ അവകാശികളായി. ജാതി – മത – രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ ജനങ്ങള്‍ ആരോഗ്യകരമായി ചിന്തിക്കുകയാണ്. ലൈഫ് മിഷന് മുഖേനെ അഞ്ച് ലക്ഷം വീടുകളാണ് പൂര്‍ത്തികരിച്ചത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം വേറിട്ട് നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും മാറ്റങ്ങള്‍ ഉണ്ടായി. ജനങ്ങള്‍ക്ക് മുന്‍ഗണന നല്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ ഉള്ളത്. സംസ്ഥാനത്തുണ്ടായ ഓഖി, മഹാപ്രളയം, കാലവര്‍ഷക്കെടുതി, നിപ- കോവിഡ് സാഹചര്യങ്ങളെയെല്ലാം ഫലപ്രദമായി നേരിടാന്‍ സര്‍ക്കാറിനായി.അഭിമാനകരമായ നിലയിലേക്ക് കേരളം ഉയര്‍ന്നു. അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം ലോക രാജ്യങ്ങള്‍ അത്ഭുതത്തോടെയാണ് കണ്ടത്. ഡിജിറ്റല്‍ റീസര് വെയിലൂടെയും പട്ടയ മിഷനിലൂടെയും അവകാശരേഖകള്‍ ഓരോ പൗരനും ഉറപ്പാക്കുന്ന നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് റവന്യു വകുപ്പുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന് സാധിച്ചെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന് പറഞ്ഞു. ജില്ലാതല പട്ടയമേളയിൽ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗവണ്മെന്റ് അധികാരത്തില്‍ വന്ന് പത്ത് വര്‍ഷം തികയുമ്പോള്‍ സംസ്ഥാനത്ത് പട്ടയ വിതരണ കണക്കില്‍ വലിയ ഉയര്‍ച്ചയുണ്ടായി. റവന്യൂ വകുപ്പിന്റെ ഒരു അവകാശങ്ങളും ആസ്വദിക്കാന്‍ സാധിക്കാത്ത 567 വനഗ്രാമങ്ങളിലെ 16,107 വനാവകാശ രേഖകളില്‍ പൂര്‍ണമായും റവന്യൂ ഗ്രാമങ്ങളാക്കുവാനുള്ള നടപടിക്രമങ്ങള്‍ക്ക് നേതൃത്വം വഹിക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭൂമിയുടെ കൈവശക്കാര്‍ അര്‍ഹതപ്പെട്ടവരാണെങ്കില്‍ അവര്‍ക്കെല്ലാം പട്ടയം നല്‍കണമെന്നതാണ് ഈ സര്‍ക്കാരിന്റെ നയമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ജില്ലാതല പട്ടയവിതരണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരഹിതർ ഇല്ലാത്ത കേരളം എന്നത് ഒരു രാഷ്ട്രീയ മുദ്രാവാക്യം മാത്രമല്ല, ഒരു ഭരണ ദൗത്യമാണെന്നും, അതിന്റെ ഭാഗമായാണ് പട്ടയ മിഷന് ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. വികസനം എന്നാല്‍ റോഡും കെട്ടിടവും മാത്രം ഉള്‍പ്പെടുന്നതല്ലെന്നും, ഒരു ദരിദ്ര കുടുംബം സ്വന്തം ഭൂമിയില്‍ നില്ക്കുന്ന നിമിഷമാണ് യഥാര്‍ത്ഥ വികസനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുണ്ടൂര്‍ എബ്രാസണ് കണ്വെന്ഷന് സെന്ററില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി, ആര്.ഡി.ഒ കെ മണികണ്ഠന് എന്നിവര്‍ സംസാരിച്ചു. മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ രാമദാസ്, ഗ്രാമപഞ്ചായത്ത് അംഗം എം.കെ സരസ്വതി, എല്‍.ആര് ഡെപ്യൂട്ടി കളക്ടര്‍ എസ് ശ്രീജിത്ത്, ആര്.ആര് ഡെപ്യൂട്ടി കളക്ടര്‍ എസ്.എസ് അല്ഫ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
