മണ്ണാര്‍ക്കാട്: വിശ്രുതമായ മണ്ണാര്‍ക്കാട് പൂരത്തിന് കൊടിയേറി. നാടും നഗരവും ഉത്സവാവേശത്തിലേക്ക്. ഒഴുകിയെത്തിയ ഭക്തജനങ്ങളെ സാക്ഷിയാക്കി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ചുള്ള കൊടിയേറ്റം ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണന് നമ്പൂതിരിപ്പാട് നിര്‍വഹിച്ചു. മേല്‍ശാന്തി ശ്രേയസ് നമ്പൂതിരി സഹകാര്‍മികനായി. പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.സി സച്ചിദാനന്ദന്, ജനറല്‍ സെക്രട്ടറി എം.പുരുഷോത്തമന്, ട്രഷറര്‍ എം.എസ് വിജയന്, ശ്രീകുമാര്കുറുപ്പ്, ഡോ.രാജന് പുല്ലങ്കാട്ടില്, പി.ചന്ദ്രശേഖരന്, പി.കെ കൃഷ്ണദാസ്, ഗോപാലകൃഷ്ണന്, പി.കെ മോഹന്‍ദാസ് എന്നിവരുള്‍പ്പടെ പങ്കെടുത്തു.
മൂന്നാംപൂരനാളായ വെള്ളിയാഴ്ച ഉച്ചയ്ക്ക് 20.30 മുതല്‍ കിള്ളിക്കുറുശ്ശി മംഗലം ശ്രീരാജ് ചാക്യാര്‍ അവതരിപ്പിച്ച ചാക്യാര്‍കൂത്ത്, വൈകിട്ട് 4.30മുതല്‍ പാലക്കാട് രാധാകൃഷ്ണനും സംഘവും അവതരിപ്പിച്ച നാദസ്വരം എന്നിവയുണ്ടായി. താന്ത്രിചടങ്ങുകള്ക്കും, പൂജകള്‍ക്കും ശേഷമാണ് വൈകിട്ട് ആറയോടെ കൊടിയേറ്റ് നടന്നത്. തുടര്‍ന്ന് വെള്ളി നേഴി ശിവകുമാറിന്റെ അവതരിപ്പിച്ച തായമ്പകയുമുണ്ടായി.
നാലാം പൂരദിനമായ ശനിയാഴ്ച ഉച്ചയ്ക്ക് ചാക്യാര്‍കൂത്ത്, വൈകിട്ട് നാദസ്വരം, തായമ്പ ക, രാത്രിയില്‍ കൊച്ചിന് പ്രയാഗ് അവതരിപ്പിക്കുന്ന മെഗാഷോയും അരങ്ങേറും. പൂരം കൊടിയേറിയതോടെ മണ്ണാര്‍ക്കാടും പരിസരവും ഉത്സവലഹരിയിലാണ്.
