കല്ലടിക്കോട്:പനയംപാടം മണ്ണാര്‍ക്കാട് റോഡിലെ വലുതുവശത്ത് ആളുകള്‍ക്ക് നട ക്കാനാവശ്യമായ നടപ്പാതയും അഴുക്കുചാല്‍ സൗകര്യവും ഒരുക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.പനയംപാടം അങ്ങാടിക്കാട് പ്രദേശവാസികളാണ് പ്രതിഷേധവുമായി എത്തിയത്.അപകടമേഖലയായ പനയംപാടത്ത് ദേശീയപാത വകുപ്പ് അനുവദിച്ച ഒരുകോടി 35ലക്ഷം രൂപ വിനിയോഗിച്ച് നവീകരണപ്രവര്‍ത്തനം നടക്കുകയാണ്.
കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പഞ്ചായത്ത് ഓഫിസ്, ആരാധനാലയങ്ങള്‍ എന്നിവയെല്ലാം സ്ഥിതി ചെയ്യുന്നസ്ഥലമാണ് പനയംപാടം. ഇവിടെ അപകടങ്ങള്‍ തടയാന്‍ റേഡിന് നടുവിലായി ഡിവൈഡര്‍ സ്ഥാപിച്ചതിനാല്‍ എതിര്‍വശത്തെ ഹൈസ്കൂള്‍ റോഡിലേക്ക് എത്താന്‍ ചുറ്റിസഞ്ചരിക്കേണ്ടിവരികയാണ്. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും ബസിറങ്ങി വരുന്നവര്‍ക്കും റോഡിലെ ഡിവൈഡര്‍ ചുറ്റിവേണം മറുവശത്തെത്താന്‍.
കൂടാതെ മഴപെയ്യുമ്പോള്‍ വെള്ളം റോഡിലൂടെ ഒഴുകുന്ന സ്ഥിതിയുമുണ്ടാകും.ഇത് വിഷമകരമാണെന്നും അഴുക്കുചാല്‍ നിര്‍മിച്ച് അതിന് മുകളിലൂടെ കൈവരിയുള്ള നടപ്പാത നിര്‍മിക്കണമെന്നും മറുവശത്തേക്ക് കടക്കാന്‍ ഡിവൈഡറിനിടയില്‍ വഴിയൊരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.ദേശീയ ഗതാഗത വകുപ്പ് എക്സിക്യുട്ടിവ് അസി.എക്സിക്യുട്ടിവ് എഞ്ചിനീയര്‍ സുനില്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തി. ജില്ലാ കലക്ടറെ അറിയിച്ചശേഷം തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.നാട്ടുകാര്‍ ഒപ്പുശേഖരണം നടത്തി വിവിധ വകുപ്പുകള്‍ക്ക് പരാതി നല്കാന് ഒരുങ്ങുകയാണ്.
