മണ്ണാര്‍ക്കാട്:പ്രസിദ്ധമായ അമ്പംകുന്ന് കോയാക്ക ഫണ്ടിന്റെ 54-ാമത് വാര്‍ഷിക നേര്‍ച്ച വെള്ളിയാഴ്ച തുടങ്ങും.ഫെബ്രുവരി 15വരെ നടക്കുന്ന ആഘോഷപരിപാടിയില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും,തമിഴ്നാട്, കര്‍ണാടക തുടങ്ങിയ ഇതരസം സ്ഥാനങ്ങളില്‍ നിന്നുമുള്ള വിശ്വാസികളെത്തും.
വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് അമ്പംകുന്നിലെ കോയക്കഫണ്ട് ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി മുബാറക്ക് ഉസ്താദ് അമ്പംകുന്നിന്റെ നേതൃത്വത്തില്‍ നടക്കുന്ന മൗലീദ് പ്രകീര്‍ത്തന സദസ്സോടെ നേര്‍ച്ചയ്ക്ക് തുടക്കമാകുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.തുടര്‍ന്ന് വളാഞ്ചേരി മന്നത്ത് തറവാട്ടില്‍ നിന്നും ഘോഷയാത്രയായി എത്തുന്ന അപ്പപ്പെട്ടിയെ ദഫ്മുട്ടിന്റെയും അറവനമുട്ടിന്റെയും അകമ്പടിയോടെ സ്ഥാപക ഭാരവാഹികള്‍ സ്വീകരിക്കും. മൂന്ന് ദിവസങ്ങളിലും കേരളത്തിന് അകത്ത് നിന്നും പുറത്തുനിന്നും നേര്‍ച്ചയുടെ ഭാഗമായി അപ്പപ്പെട്ടി കളെത്തും.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കൊടിയേറ്റ് നടക്കും.വൈകിട്ട് ബുര്‍ദ, ഖവാലി മജ്ലിസുകള്, മതപ്രഭാഷണം, മതമൈത്രി സെമിനാര്‍ എന്നിവയുണ്ടാകും. പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ ആത്മീയ മജ്ലിസുകളും നടക്കും. സമാപന ദിനമായ 15-ന് രാത്രി ഏഴുമണിക്ക് വലിയ കൊടിമരത്തില്‍ കൊടിയേറ്റും.തുടര്‍ന്ന് പിറ്റേന്ന് രാവിലെ വരെ അന്നദാനവും മധുരപലഹാരവിതരണവും നടക്കും.
സാമൂഹിക സേവനത്തിന്റെ ഭാഗമായി അമ്പതോളം നിര്‍ധനകുടുംബത്തിലെ കുട്ടികള്‍ക്കായി സൗജന്യ സുന്നത്ത് കര്‍മ്മവും ഈവര്‍ഷം ഒരുക്കിയിട്ടുണ്ട്. നേര്ച്ചാ നഗരയിലെത്തുന്നവര്ക്കായി 24 മണിക്കൂറും ഭക്ഷണശാലകളും മറ്റുസൗകര്യങ്ങളും സജ്ജമാണെന്നും ഭാരവാഹികള്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ മുബാറക്ക് അമ്പംകുന്ന്, സുബൈര്‍ മുസ്ലിയാര് വളാഞ്ചേരി, റബീഅത്ത് സഖാഫി, മൊയ്തു അസ്ലമി മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.
