എം.എല്‍.എയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി
കോട്ടോപ്പാടം:കോട്ടോപ്പാടം പഞ്ചായത്തിലെ മലയോരമേഖലകളായ കാപ്പുപറമ്പും, അമ്പലപ്പാറയും കടുവാഭീതിയില്‍.ജനവാസേമഖലയില് വന്യമൃഗസാന്നിധ്യം തുടര്‍ക്കഥയായതോടെ വനംവകുപ്പ് അടിയന്തര നടപടികളിലേക്ക് കടക്കുന്നു. കടുവയെ പിടികൂടുന്നതിന് കൂടുസ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭി ക്കുന്നതിനും നിരീക്ഷണം ശക്തമാക്കാനും എന്‍.ഷംസുദ്ദീന് എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.
കഴിഞ്ഞ കുറച്ചുനാളുകളായി മേഖലയില്‍ കടുവയുടെ സാന്നിധ്യമുള്ളതായി പ്രദേശത്തുള്ളവര്‍ പറയുന്നു.കാപ്പുപറമ്പ്, തുളക്കല്ല് പാലത്തിന് സമീപം, തൊടുക്കാട് എന്നീ ഭാഗങ്ങളില്‍ പലതവണ വന്യമൃഗത്തെ കണ്ടിട്ടുള്ളതായും പറയുന്നു.ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെ ടാപ്പിങ്ങിന് പോകുന്ന രണ്ട് തൊഴിലാളികള്‍ അമ്പലപ്പാറ തോടുകാട് പള്ളിക്ക് സമീപത്ത് വെച്ച് കടുവയെ കണ്ടതായി അറിയിച്ചിരുന്നു.ഇതേ തുടര്‍ന്ന് ഡി.എഫ്.ഒ. സി.അബ്ദുല്‍ ലത്തീഫിന്റെ നേതൃത്വത്തില്‍ ഭവാനി റെയ്ഞ്ച് ഓഫിസര്‍ എന്‍.ഗണേഷ്, അമ്പലപ്പാറ, തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും സ്ഥലത്തെത്തി പരിശോധന നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ വനംവകുപ്പ് നിര്‍ദേശിച്ചു.
കൂടുസ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് ഡി.എഫ്.ഒ. അറിയിച്ചു.പൊന്തക്കാടുകളിലോ മറ്റോ കടുവ ഒളിച്ചിരിക്കുണ്ടോ എന്നറിയാന്‍ ഞായാറാഴ്ച പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തും.ഇതിന് ആവശ്യമായ ജീവനക്കാരെ നിയോഗിക്കും.ദൗത്യവിവരം വാര്‍ഡ് മെമ്പറെ അറിയിക്കും.പ്രാഥമിക ദ്രുതപ്രതികരണസേനയുടെ സഹകരണമുണ്ടാകണം. തിരഞ്ഞെടുക്കപ്പെട്ടവര്‍ മാത്രമേ എത്താവൂ.നാട്ടുകാരുടെ സഹായം വേണം.ആര്.ആര്.ടിയുടെ മൂന്ന് വാഹനങ്ങള്‍ പ്രദേശത്ത് റോന്തുചുറ്റും.വന്യമൃഗത്തെ നിരീക്ഷിക്കാന്‍ നിലവില്‍ രണ്ടുകാമറകള് സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെ എട്ടുകാമറകള് കൂടി വെച്ച് നിരീക്ഷണം ശക്തമാക്കുമെന്നും ഡി.എഫ്.ഒ. അറിയിച്ചു.
