തിരുവനന്തപുരം:പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ഫീസില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ വലിയ വര്‍ധനവ് സംസ്ഥാന സര്‍ക്കാര്‍ പകുതി യോളം വെട്ടിക്കുറച്ചതായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്ത രവായിട്ടുണ്ട്. കേന്ദ്ര നിയമഭേദഗതി പ്രകാരം 10, 15, 20 വര്‍ഷം പിന്നിട്ട ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന നിരക്കുകളില്‍ നിന്നും 50 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്.നിരക്കുകള്‍ കുത്തനെ കൂട്ടിയത് സാധാരണക്കാരായ വാഹന ഉടമകളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിലാണ് മുഖ്യ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തിന് നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു.ഈ പരിഷ്കാരം നടപ്പിലാക്കു ന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ സോഫ്റ്റ്വെയറില് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ വാഹനങ്ങളുടെ കാലാവധി 5 കൂടി വര്‍ഷം നീട്ടി നല്‍കും
സര്‍ക്കാര്‍ വാഹനങ്ങളുടെ ആയുസ്സ് സംബന്ധിച്ച കേന്ദ്ര നിര്‍ദ്ദേശത്തിലും കേരളം നിര്‍ണ്ണായകമായ മാറ്റം വരുത്തി. 15 വര്‍ഷം കഴിഞ്ഞാല്‍ എല്ലാ സര്‍ക്കാര്‍ വാഹനങ്ങളും പൊളിക്കണമെന്ന കേന്ദ്ര നിയമം കേരളത്തിലെ പോലീസ്, ഫയര്‍ഫോഴ്സ്, വനം, ആരോ ഗ്യ വകുപ്പുകളെ സാരമായി ബാധിക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തി. കിലോമീറ്റര്‍ കുറച്ച് മാത്രം ഓടിയിട്ടുള്ള ഇത്തരം വാഹനങ്ങള്‍ സ്ക്രാപ്പ് ചെയ്യുന്നത് ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കും. ഈ സാഹചര്യത്തില്‍ കൃത്യമായ പുക പരിശോധനയും ഫിറ്റ്നസ് കണ്ടീഷനും ഉറപ്പുവരുത്തിക്കൊണ്ട് സര്‍ക്കാര്‍ വാഹനങ്ങളു ടെ കാലാവധി അഞ്ച് വര്‍ഷം കൂടി നീട്ടി നല്കാന് തീരുമാനിച്ചു. കേന്ദ്ര വാഹന പോര്‍ട്ടലില്‍ ഇതിന് തടസ്സമുണ്ടാകുമെന്നതിനാല്‍ ഇത്തരത്തിലുള്ള വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേകമായി ലാമിനേറ്റഡ് ആര്.സി കാര്‍ഡുകള്‍ നല്‍കും. ഇന്‍ഷുറന്‍സ് സംബന്ധമായ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ഈ വാഹനങ്ങളെല്ലാം കേരള സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്ട്മെന്റിന് കീഴിലാക്കും.
സര്‍ക്കാര്‍ വാഹനങ്ങള്‍ തിരിച്ചറിയുന്നതിനായി പ്രത്യേക രജിസ്ട്രേഷന് സീരീസ്
സംസ്ഥാനത്തെ സര്‍ക്കാര്‍ വാഹനങ്ങള്‍ തിരിച്ചറിയുന്നതിനായി പ്രത്യേക രജിസ്ട്രേഷന് സീരീസും സര്‍ക്കാര്‍ അവതരിപ്പിക്കുന്നു. കെ.എല്‍ 90 (KL 90) എന്ന നമ്പറിലായിരിക്കും ഇനി സര്‍ക്കാര്‍ വണ്ടികള്‍ അറിയപ്പെടുക. ഇതില്‍ സെന്‍ട്രല്‍ ഗവണ്മെന്റ് വാഹനങ്ങള്‍ക്ക് ‘A’ എന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ‘C’ എന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ‘D’ എന്നും ഉപവിഭാഗങ്ങള്‍ നല്കി നമ്പറുകള്‍ ക്രമീകരിക്കും.
പൊതുഗതാഗത സൗകര്യം കുറഞ്ഞ ഉള്‍പ്രദേശങ്ങളിലേക്ക് 503 പുതിയ പ്രൈവറ്റ് ബസ് റൂട്ടുകള്‍
സംസ്ഥാനത്ത് പൊതുഗതാഗത സൗകര്യം കുറഞ്ഞ ഉള്‍പ്രദേശങ്ങളിലേക്ക് 503 പുതിയ പ്രൈവറ്റ് ബസ് റൂട്ടുകള്‍ അനുവദിക്കാനും തീരുമാനമായി. കെ.എസ്.ആര്.ടി.സിയോ പ്രൈവറ്റ് ബസ്സുകളോ ഇതുവരെ ഓടാത്ത ഈ റൂട്ടുകളില്‍ ചെറിയ ബസ്സുകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിലൂടെ പ്രാദേശിക കണക്ടിവിറ്റിയും യുവജനങ്ങള്‍ക്ക് സ്വയം തൊഴില്‍ അവസരവും വര്‍ധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
