പാലക്കാട്: നിക്ഷേപത്തിലും വായ്പാവിതരണത്തിലും ജില്ലയിലെ ബാങ്കിങ് മേഖലയില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍വരെയുള്ള കണക്കുകള്‍ പ്രകാ രം ജില്ലയിലെ ആകെ നിക്ഷേപം 62,983 കോടി രൂപയായും വായ്പകള്‍ 45,777 കോടി രൂപ യായും വര്‍ധിച്ചിട്ടുണ്ട്.ജില്ലയുടെ വാര്‍ഷിക വായ്പാ പദ്ധതിയുടെ (എ.സി.പി.) ഭാഗമായി മുന്‍ഗണനാ മേഖലകളില്‍ 12,500 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു. ഇത് ലക്ഷ്യത്തിന്റെ 54.11 ശതമാനമാണ്. കാര്‍ഷിക മേഖലയില്‍ 8,510 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തിട്ടുണ്ട്.
ബാങ്കിങ് മേഖലയുടെ കഴിഞ്ഞപാദത്തിലെ പ്രവര്‍ത്തനം ജില്ലാതല അവലോകന സമിതി വിലയിരുത്തി.വായ്പാ-നിക്ഷേപ അനുപാതം കുറഞ്ഞ ബാങ്കുകള്‍ അത് വര്‍ധിപ്പിക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ സമര്‍പ്പിക്കാന്‍ റിസര്‍വ് ബാങ്ക് പ്രതിനിധി നിര്‍ദ്ദേശിച്ചു.എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്കുള്ള വായ്പകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബാങ്കുകളോട് ആവശ്യപ്പെട്ടു.കുടുംബശ്രീ ബാങ്ക് ലിങ്കേജ് വായ്പകള്‍ നല്കുമ്പോള് ആര്.ബി.ഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദേശിച്ചു.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെ.സി.സി.), അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (എ.ഐ. എ.എഫ്.) തുടങ്ങിയ പദ്ധതികളുടെ പുരോഗതിയും ചര്‍ച്ച ചെയ്തു.പി.എം. വിശ്വകര്‍മ്മ, പി.എം.ഇ.ജി.പി , പി.എം. മുദ്ര യോജന തുടങ്ങിയ പദ്ധതികളുടെ പുരോഗതി ബാങ്കുകള്‍ വിശദീകരിച്ചു.പി.എം. സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന പദ്ധതിയുടെ കണക്കുകളും വിലയിരുത്തി.പി.എം.ജെ.ജെ.ബി.വൈ, പി.എം.എസ്.ബി.വൈ, അടല്‍ പെന്ഷന് യോജന എന്നീ പദ്ധതികളില്‍ ജില്ലയില്‍ വലിയ തോതിലുള്ള എന്റോള്‍മെന്റുകള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൂടാതെ, ജില്ലയിലെ 88 ഗ്രാമപഞ്ചായത്തു കളിലും ജനസുരക്ഷാ കാംപെയിനുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി അധ്യക്ഷയായി.റിസര്‍വ് ബാങ്ക് എല്‍.ഡി.ഒ. മുത്തുകുമാര്‍, ലീഡ് ഡിസ്ട്രിക്റ്റ് ഡിവിഷണല്‍ മാനേജര്‍പി.ടി. അനില്‍കുമാര്‍, നബാര്‍ഡ് ഡി.ഡി.എം. കവിതാ റാം, കനറാ ബാങ്ക് ഡി.എം. സുരേഷ്കുമാര്‍, വിവിധ ബാങ്ക് പ്രതിനിധികള്‍, സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
