മണ്ണാര്‍ക്കാട്: കെ.എസ്.ആര്.ടി.സിയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം.ഇക്കഴിഞ്ഞ15നാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.77 കോടി രൂപ കെ.എസ്.ആര്.ടി.സി. നേടിയത്. ടിക്കറ്റിതര വരുമാനം 76 ലക്ഷം രൂപ ഉള്‍പ്പെടെ 11.53 കോടി രൂപയാണ് അന്നത്തെ ആകെ വരുമാനം. തുടര്‍ച്ച യായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെ.എസ്.ആര്.ടി.സിക്ക് സഹായകരമാ കുന്നത് സി.എം.ഡി ഡോ. പ്രമോജ് ശങ്കറിന്റെയും മാനേജ്മെന്റിന്റെയും ജീവനക്കാ രുടെയും സൂപ്പര്‍വൈസര്‍മാരുടെയും ഓഫിസര്‍മാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞവര്‍ഷം ഇതേ ദിവസം 8.57 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം. കഴിഞ്ഞവര്‍ഷം നിലനിന്നിരുന്ന സമാന സാഹചര്യത്തിലും ടിക്കറ്റ് നിരക്കില്‍ വര്‍ധനവില്ലാതെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തിയാണ് ഈ വലിയ ലക്ഷ്യം കൈവരിച്ചത്.ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കെ.എസ്.ആര്.ടി.സിയുടെ എല്ലാ ഡിപ്പോകളും നിലവില്‍ പ്രവര്‍ത്തന ലാഭത്തിലാണ്. മികച്ച ടിക്കറ്റ് വരുമാനം നേടുന്ന തിനായി കെ.എസ്.ആര്.ടി.സി. നിശ്ചയിച്ചു നല്‍കിയിരുന്ന ടാര്‍ഗറ്റ് നേടുന്നതിനായി ഡിപ്പോകളില്‍ നടന്ന മത്സരബുദ്ധിയോടെയുള്ള പ്രവര്‍ത്തനങ്ങളും ഓഫ് റോഡ് കുറച്ച് പരമാവധി ബസുകള്‍ നിരത്തിലിറക്കാനായതും സേവനങ്ങളില്‍ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും വരുമാനം വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്.
