മണ്ണാര്‍ക്കാട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ സ്വകാര്യബസില്‍ കുഴഞ്ഞുവീണ യാത്രക്കാരിയെ ബസില്‍തന്നെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാര്‍. മണ്ണാര്‍ക്കാട് പുല്ലിശ്ശേരി സ്വദേശിനിയായ 63-കാരിയാണ് ബസില്‍ കുഴഞ്ഞുവീണത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. പുല്ലിശ്ശേരിയില്നിന്ന് മണ്ണാര്‍ക്കാട്ടേക്കുള്ള ആയിഷ ബസിലാണ് ഇവര്‍ കയറിയത്. വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സാസംബന്ധമായി പുറപ്പെട്ടതായിരുന്നു ഇവര്‍. ബന്ധുവുംകൂടെയുണ്ടായിരുന്നു. മണ്ണാര്ക്കാടെത്താനായപ്പോഴാണ് ഇവര്‍ ബസില്‍ കുഴഞ്ഞുവീണത്. ഇതോടെ മറ്റൊന്നും ചിന്തിക്കാതെ ബസ് ഡ്രൈവര്‍ ബഷീറും കണ്ടക്ടര്‍ കുട്ടനും ചേര്‍ന്ന് ബസില്‍തന്നെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ ഉടന്‍ പ്രാഥമിക ചികിത്സയും നല്കി. യാത്രക്കാരിയുടെ ആരോഗ്യനി ലയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പിന്നീട് യാത്രക്കാരുമായി ബസ് മണ്ണാര്‍ക്കാട് സ്റ്റാന്‍ഡിലേക്ക് പുറപ്പെടുകയും ചെയ്തു.
