മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്-ആനമൂളി നവീകരണപ്രവൃത്തികള്‍ എത്രയുംവേഗം പൂര്ത്തീ കരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് തെങ്കര പഞ്ചായത്ത് കമ്മിറ്റി റോഡ് ഉപരോധിച്ചു. തെങ്കര വട്ടപ്പറമ്പ് ഭാഗത്ത് പ്രവൃത്തിപൂര്ത്തീകരിക്കാത്ത ഭാഗത്തായിരുന്നു സമരം.റോഡുപണി എപ്പോള്‍ തുടങ്ങുമെന്ന കാര്യത്തില്‍ കരാര്‍കമ്പനി പ്രതിനിധികള്‍ ഉറപ്പ് നല്‍കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. നിരവധിതവണ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടും പ്രതിനിധികള്‍ എത്തിയില്ലെന്നും ഇവര്‍ പറഞ്ഞു. സ്ഥലത്തെത്തിയ പൊലിസ് പ്രവര്‍ത്തകരെ നീക്കംചെയ്യാന്‍ ശ്രമിച്ചതോടെ ഉന്തുംതള്ളുമുണ്ടായി. പിന്നീട് മുദ്രാവാക്യം വിളികളോടെ പ്രവര്‍ത്തകര്‍ കോല്‍പ്പാടം റോഡിലുള്ള ബി.ആര്.കെ. കമ്പനി ഓഫിസിലേക്ക പ്രകടനമായി എത്തുകയും ഓഫിസിലേക്ക് തള്ളികയറുകയും ചെയ്തു. കമ്പനി ജീവനക്കാര്മാത്രമായിരുന്നു ഇവിടെയുണ്ടായിരുന്നത്. പ്രവര്‍ത്തകര്‍ കസേരകളും മറ്റും വലിച്ചെറിയുകയും അടിച്ചുപൊട്ടിക്കുകയും ചെയ്തു. മേശയ്ക്ക് മുകളിലുണ്ടായിരുന്ന പ്രിന്ററും തകര്‍ത്തു. പിന്നാലെയെത്തിയ പൊലിസ് പ്രവര്‍ത്തകരെ ഓഫിസില്‍നിന്ന് ബലംപ്രയോഗിച്ച് പുറത്തിറക്കി. റോഡുപണി ഉടന്‍ തുടങ്ങിയിട്ടില്ലെങ്കില്‍ കൂടുതല്സമരപരിപാടികള് ആവിഷ്കരിക്കുമെന്നും പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്കി. റോഡ് ഉപരോധം മുസ്ലിം ലീഗ് തെങ്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹാരിസ് അധ്യക്ഷനായി. നേതാക്കളായ അഡ്വ. ഷമീര്‍ പഴേരി, സൈനുദ്ദീന്‍ കൈതച്ചിറ, ഷമീര്‍ മണലടി, അന്‍വര്‍ മണലടി, ടി.കെ ഹംസക്കുട്ടി, കബീര്‍ കോല്‍പ്പാടം, ഉബൈദ് മുണ്ടോടന്‍, അബു കാവുങ്ങല്‍, ടി.കെ സഫ്വാന്, ഇര്‍ഷാദ് കൈതച്ചിറ, യൂസഫ് ആനിക്കാടന്‍, സിറാജ് മുണ്ടക്കണ്ണി എന്നിവര്‍ സംസാരിച്ചു. അമ്പതോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.ഓഫിസില്‍ അതിക്രമിച്ചുകയറുകയും നാശനഷ്ടങ്ങള്വരുത്തി യതായുമുള്ള കമ്പനിയിലെ ജീവനക്കാരന്റെ പരാതിപ്രകാരം പൊലിസ് കേസെടുത്തു.
