അലനല്ലൂര്‍: വെള്ളിയാര്‍പുഴയിലെ കണ്ണംകുണ്ട് കോസ് വേയില്‍നിന്ന് ഒഴുക്കിലകപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ണംകുണ്ട് പമ്പ് ഹൗസിന് സമീപം താമസിക്കുന്ന ഏലംകുളവന്‍ യൂസഫിന്റെ മകന് സാബിത്ത് (26)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ നടത്തിയ തിരച്ചലില്‍ കണ്ടെത്തിയത്. അഗ്നിരക്ഷാസേനാംഗങ്ങള്‍, പാലക്കാട് സ്കൂബ ടീം, ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍, സിവില്‍ഡിഫന്‍സ് പ്രവര്ത്ത കര്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍. ജലനിരപ്പ് താഴ്ന്നതും ഒഴുക്ക് കുറഞ്ഞതിനാലും സംഘത്തിന് മറ്റു പ്രതിസന്ധികള്‍ നേരിടേണ്ടിവന്നില്ല. കോ സ്വേക്ക് താഴെ ഭാഗമായ കലങ്ങോട്ടിരി കടൂര്പടിയില്നിന്ന് വെള്ളത്തിലെ മരത്തില്‍ തങ്ങിനിന്ന നിലയിലായിരുന്നു മൃതദേഹം. ഇന്നലെ വൈകീട്ട് നാലിനാണ് സാബിത്ത് അബദ്ധത്തില്‍ പുഴയിലകപ്പെട്ടത്. പാലത്തിലടിഞ്ഞ തടസ്സങ്ങള്‍ നീക്കാനായി സുഹൃ ത്തുക്കള്‍ക്കൊപ്പം ശ്രമിക്കുന്നതിനിടെയാണ് കാല്‍തെന്നി പുഴയിലേക്ക് പതിച്ചത്. ഈ സമയം പുഴയില്‍ ശക്തമായ ഒഴുക്കുമുണ്ടായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെ ടുത്താന്‍ ശ്രമിച്ചെങ്കിലും സാബിത്ത് വെള്ളത്തില്താഴ്ന്നുപോയി. തുടര്‍ന്ന് അഗ്നി രക്ഷാസേനയെത്തി തിരച്ചില്‍നടത്തിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതോടെ തിരച്ചില്‍ അവസാനിപ്പിക്കേണ്ടിവന്നു. തുടര്‍ന്ന് ഇന്ന് രാവിലെ ആറുമുതല്‍ തിരച്ചില്‍ തുടരുകയും ഒമ്പതോടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. മണ്ണാര്‍ക്കാട് ഗവ. താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. വിദേശത്തായിരുന്ന സാബിത്ത് ഒന്നരമാസം മുന്‍പാണ് നാട്ടിലെത്തിയത്.