തെങ്കര: ആനമൂളിയില്‍ വീട്ടുമുറ്റത്ത് പുലിയെത്തി. ഇന്ന് പുലര്‍ച്ചെ 1.15നാണ് പ്രദേശ വാസിയായ നിസാമിന്റെ വീട്ടുമുറ്റത്ത് പുലിയെത്തിയത്. വീട്ടിലെ സി.സി.ടി.വി. കാമറയിലാണ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്. വനാതിര്‍ത്തിയോട് ചേര്‍ന്നാണ് വീട്. വീട്ടുമുറ്റംവരെ എത്തിയ പുലി വീടിനു മുന്പില് കിടക്കുന്ന നായ്ക്കളെ നോക്കിയതോടെ നായ്ക്കള്‍ നിര്‍ത്താതെ കുരക്കുകയും ചെയ്തു. ശബ്ദംകേട്ട് വീട്ടുടമ വാതിലിനുസമീപമെത്തിയതോടെ പുലി സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. വീട്ടുകാര്‍ വനപാലകരെ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥരെത്തി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. സമീപത്തും തിരച്ചില്‍ നടത്തി. തുടര്‍ദിവസങ്ങളില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് വനപാലകര്‍ അറിയിച്ചു. എന്‍.എസ്.സി. ജില്ലാ പ്രസിഡന്റ് പി.സി ബാദുഷയും സ്ഥലത്തെത്തിയിരുന്നു.
