മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടന യാത്ര അടുത്ത ദിവസം (മെയ് 10) ന് ആരംഭിക്കാനിരിക്കെ കരിപ്പൂര്‍ ഹജ്ജ് ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സര്‍ക്കാറിന്റെ വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഹജ്ജ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്തു. തീര്‍ത്ഥാടകരുടെ പാസ്പോ ര്‍ട്ട് ഉള്‍പ്പടെയുള്ള യാത്ര രേഖകള്‍ ഫ്ളൈറ്റ് അടിസ്ഥാനത്തില്‍ തരം തിരിച്ച് തീര്‍ത്ഥാട കര് എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടും മുമ്പ് ഇവകള്‍ വിതരണം ചെയ്യുന്നത് ഹജ്ജ് സെല്ലി ലെ ഉദ്യോഗസ്ഥരാണ്. അതത് ദിവസം പുറപ്പെടുന്ന വിമാനങ്ങളിലെ തീര്‍ത്ഥാടകരുടെ രേഖകളും മറ്റും ഫ്ലൈറ്റ് മാനിഫസ്റ്റ് അടിസ്ഥാനമാക്കി തലേ ദിവസം തന്നെ കവര്‍ നമ്പര്‍ അടിസ്ഥാനത്തില്‍ തരം തിരിച്ച് പാസ്പോര്‍ട്ട് സ്റ്റിക്കര്‍, സഊദിയിലെ താമസ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ സ്റ്റിക്കര്‍, തിരിച്ചറിയല്‍ കാര്‍ഡ് മുതലായവ ഓരോ കവറിലുമുള്ള തീര്‍ത്ഥാടകരുടെ എണ്ണം അനുസരിച്ച് സാധനങ്ങള്‍/രേഖകള്‍ പ്രത്യേകം മാറ്റിവെക്കും. ശേഷം വിതരണ സമയത്ത് മുഖ്യ അപേക്ഷകന് വശം ഓരോ ഹാജിക്കുമുള്ള രേഖകള്‍/ സാധനങ്ങള്‍ പ്രത്യേകം കൈമാറുകയും ഓരോ രേഖകളും പ്രത്യേകം കാണിക്കേണ്ട / ഉപയോഗിക്കേണ്ട സ്ഥലം, ക്രമം എന്നിവ വിശദീകരിച്ചു നല്‍കുകയും ചെയ്യും.
കോഴിക്കോട് ക്രൈം ബ്രാഞ്ച് പോലീസ് സുപ്രണ്ട് കെ.കെ മൊയ്തീന് കുട്ടി എ.പി.എസിന്റെ നേതൃത്വത്തില്‍ മുപ്പത്തിയാറ് അംഗ ഉദ്യോഗസ്ഥരാണ് കരിപ്പൂരില്‍ ഡ്യൂട്ടിയിലുള്ളത്. കണ്ണൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റില്‍ തൃശ്ശൂര്‍ പോലീസ് അക്കാഡമിയിലെ അസിസ്റ്റന്റ് ഡയറക്ടറും പോലീസ് സുപ്രണ്ടുമായ എസ്. നജീബിന്റെ നേതൃത്വത്തിലുള്ള മുപ്പത്തി നാല് ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിയിലുണ്ടാവുക. ഇവരും ഇന്ന് (തിങ്കള്‍) കരിപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തു. ഉദ്യോഗസ്ഥര്‍ക്കുള്ള പ്രത്യേക പരിശീലന ക്ലാസ്സും ചുമതല നിര്‍ണ്ണയവും ഹജ്ജ് സെല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നടത്തി. കൊച്ചി എംബാര്‍ക്കേഷന്‍ പോയിന്റുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ മെയ് 12 ന് ചുമതലയേല്‍ക്കും. തിരുവനന്തപുരം സ്പെഷ്യല്‍ ആര്‍മ്ഡ് പോലീസിലെ ഡെപ്യൂട്ടി കമാന്‍ഡന്റ് വൈ. ഷമീര്‍ഖാനാണ് ഹജ്ജ് സെല്‍ ഓഫീസര്‍ ചുമതല വഹിക്കുക. സംസ്ഥാനത്തെ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളിലും ഹജ്ജ് സെല്‍ പ്രവര്‍ത്തനങ്ങല്‍ ഏകോപിപ്പിക്കുന്നതിനായി യു.അബ്ദുല്‍ കരീം ഐ.പി.എസ് (റിട്ട) നേരത്തെ ചുമതലയേറ്റ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ഹജ്ജ് ഹൗസിന്റെ ഇരു കെട്ടിടങ്ങളിലേയും തീര്‍ത്ഥാടകരുടെ പ്രാര്‍ത്ഥന ഹാളുകളും താമസ റൂമുകളും ഭക്ഷണ പാചക – വിതരണ സ്ഥലങ്ങളിലും ആവശ്യമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. കരിപ്പൂരില്‍ നിന്നും മെയ് പത്ത് ശനിയാഴ്ച പുലര്‍ച്ചെ 1.5 നും കണ്ണൂരില്‍ നിന്നും മെയ് പതിനൊന്നിന് പുലര്‍ച്ചെ നാലിനും ആദ്യ വിമാനങ്ങള്‍ പുറപ്പെടും. കോഴിക്കോട് നിന്നും നൂറ്റി എഴുപത്തി മൂന്ന് പേരും കണ്ണൂരില്‍ നിന്നും നൂറ്റി എഴുപത്തി ഒന്ന് പേര് വീതവുമാണ് ഓരോ വിമാനങ്ങളിലും പുറപ്പെടുക. കോഴിക്കോട്, കണ്ണൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നും എയര്‍ ഇന്ത്യ എക്സപ്രസും കൊച്ചിയില്‍ നിന്നും സഊദി എയര്‍ലൈന്‍സുമാണ് സര്‍വ്വീസ് നടത്തുന്നത്.ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ ഇന്ന് ചെയര്മാന് ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. മെമ്പര്‍മാരായ അഡ്വ. പി. മൊയ്തീന് കുട്ടി, അഷ്കര്‍ കോറാട്, അസി. സെക്രട്ടറി ജാഫര്‍ കക്കൂത്ത്, ഹജ്ജ് സെല്‍ സ്പെഷല്‍ ഓഫീസര്‍ യു. അബ്ദുല്‍ കരീം ഐ.പി.എസ് (റിട്ട), സെല്‍ ഓഫീസര്‍മാരായ പോലീസ് സുപ്രണ്ട് എസ്.നജീബ്, കെ.കെ മൊയ്തീന് കുട്ടി ഐ.പി.എസ് എന്നിവര്‍ സംബന്ധിച്ചു.
