മണ്ണാര്‍ക്കാട് : ഭക്ഷണത്തില്‍ വിഷംകലര്‍ത്തിയും പിന്നീട് ബലപ്രയോഗത്തിലൂടെ വിഷം കുടിപ്പിച്ചും മുത്തശ്ശിയെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികളായ കൊച്ചുമകനേയും ഭാര്യയേയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കരിമ്പുഴ തോട്ടര പടിഞ്ഞാറേതില്‍ ബഷീര്‍ (42) , ഭാര്യ ഫസീല (36) എന്നിവരേയാണ് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജി ജോമോന് ജോണ്‍ ശിക്ഷിച്ചത്. പ്രതി ബഷീറിന്റെ മുത്തശ്ശിയായ കരിമ്പുഴ തോട്ടര ഈങ്ങാക്കോടന്‍ മമ്മിയുടെ ഭാര്യ നബീസ (71) കൊലപ്പെട്ട കേസിലാണ് വിധി. ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് 302 പ്രകാരമാണ് പ്രതികള്‍ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴയടയ്ക്കാത്ത പക്ഷം രണ്ട് വര്‍ഷം അധികതടവും അനുഭവിക്കണം. തെളിവു നശിപ്പിച്ചതിന് ഒന്നാം പ്രതിക്ക് ഏഴ് വര്‍ഷം തടവും 25000 രൂപ പിഴയും വിധിച്ചു. ഒന്നാം പ്രതി ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴതുകയില്‍ നിന്നും മരിച്ച നബീസയുടെ ബധിരയും മൂകയുമായ മകള്‍ക്ക് നല്‍കാനും കോടതി ഉത്തരവായി. വധശിക്ഷ ഒഴിവാക്കാന്‍ എന്തെങ്കിലും കാരണങ്ങള്‍ ബോധിപ്പിക്കാനുണ്ടോയെന്ന് കോടതി ആരാഞ്ഞു. സാമ്പത്തിക സ്ഥിതി മോശമാണെന്നും മകന് പഠിക്കാന്‍ മിടുക്കാനാണെന്നും കുഞ്ഞ് അനാഥമാകുമെന്നും ഫസീല കോടതിയില്‍ കണ്ണീരോടെ പറഞ്ഞു. തനിക്കെതിരെയുള്ള മറ്റുകേസുകള്‍ കെട്ടിചമച്ചതാണെന്നും പറഞ്ഞു. മറ്റുകേസുകളുടെ കാര്യം ഇപ്പോള്‍ പരിഗണിക്കേണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തനിക്കെതിരെ വേറെ കേസുകള്‍ ഇല്ലെന്നും കുറഞ്ഞ ശിക്ഷനല്‍കണമെന്നും ബഷീര്‍ പറഞ്ഞു. വിശ്വാസികള്‍ പുണ്യമായി കാണുന്ന റംസാന് മാസത്തില്‍ ദയയും ദീനാനുകമ്പയും കാണിക്കേണ്ടതിന് പകരം പാപം ചെയ്തവരോട് പോലും പൊറുക്കേണ്ട സമയത്ത് സ്വന്തം മുത്തശ്ശിയെ ക്രൂരമായി വിഷം നല്‍കിക്കൊന്ന പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് പ്രൊസിക്യൂഷന് ചൂണ്ടിക്കാട്ടി. പ്രതികള്‍ ആ മൂല്യങ്ങള്‍ ഉള്ളവര്‍ ആണോയെന്ന് അറിയില്ലല്ലോയെന്ന് കോടതി ചൂണ്ടിക്കാട്ടി. വിശുദ്ധ ഖുര്‍ ആനില്‍ ക്രൂരതയെ ശക്തമായി അപലപിക്കുകയും കാരുണ്യം, ക്ഷമ എന്നിവയെ ഊന്നിപ്പറയുകയും ചെയ്യുന്ന അധ്യായങ്ങളും പ്രൊസിക്യൂഷന് എടുത്തുപറഞ്ഞു. പ്രതികള്‍ക്ക് അവരുടെ പ്രായവും മകന്റെ ഭാവിയും കരുതി പരാമവധി ശിക്ഷ ഇളവു നല്‍കണമെന്നും സ്വയം തിരുത്താന്‍ അവസരം നല്‍കണമെന്നും പ്രതിഭാഗം വാദിച്ചു. 2016 ജൂണ്‍ 24നാണ് കേസിനാസ്പദമായ സംഭവം. ആര്യമ്പാവ് – ഒറ്റപ്പാലം റോഡില്‍ നായാടിപ്പാറയില്‍ റോഡരുകിലാണ് നബീസയുടെ മൃതദേഹം കണ്ടെത്തിയത്. നബീസയെ ബഷീറിന്റെ മണ്ണാര്‍ക്കാടുള്ള വീട്ടിലേക്കെത്തിച്ചാണ് അരുംകൊല ചെയ്തത്. ചീരക്കറിയില്‍ ചിതലിനുള്ള മരുന്ന് ചേര്‍ത്ത് നല്‍കുകയും ഇത് കഴിച്ചിട്ടും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് മനസിലായതോടെ പ്രതികള്‍ ബലം പ്രയോഗിച്ച് നബീസയുടെ വായിലേക്ക് വിഷം ഒഴിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. തുടര്‍ന്ന് പ്രതികള്‍ ചേര്‍ന്ന് തയാറാക്കിയ ആത്മഹത്യാകുറിപ്പ് എഴുത്തും വായനയും അറിയാത്ത നബിസയുടെ സഞ്ചിയില്‍ നിന്നും കണ്ടെത്തിയതാണ് കേസിന്റെ ചുരുളഴിച്ചത്. അന്നത്തെ മണ്ണാര്‍ക്കാട് ഇന്‍സ്പെക്ടര്‍മാരായിരുന്ന മുഹമ്മദ് ഹനീഫ, ഹിദായത്തുള്ള മാമ്പ്ര, സബ് ഇന്‍സ്പെക്ടര്‍മാരായ മണികണ്ഠന്, ബെന്നി എന്നിവരാണ് കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളും കേസില്‍ നിര്‍ണായകമായി. പ്രോസിക്യൂഷന് വേണ്ടി അഡ്വ.പി.ജയന് ഹാജരായി. സീനിയര്‍ സി.പി.ഒ. സുഭാഷിണി പ്രൊസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു.
