കാഞ്ഞിരപ്പുഴ : കഴിഞ്ഞദിവസം ഇരുമ്പകച്ചോലയിലുണ്ടായ കനത്തമഴയെ തുടര്‍ന്ന് പാറക്കല്ലുകള്‍ ഉരുണ്ട് വീണ് വീട് ഭാഗികമായി തകര്‍ന്നു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. വെള്ളാരം കാലായില്‍ വി.സി. ജെസിയുടെ വീടിന്റെ അടുക്കള ഭാഗമാണ് തകര്‍ന്നത്. വൈകീട്ട് 6.30നാണ് സംഭവം. പ്രദേശത്ത് കഴിഞ്ഞദിവസം വൈകിട്ട് മുതല്‍ ശക്തമായ മഴയായിരുന്നു. വീടിനോടു ചേര്‍ന്നുള്ള ഉയര്‍ന്ന തിട്ടയുടെ മുകളില്‍ നിന്നാണ് മകല്ലുകള്‍ വീണത്. മേല്‍ ഭാഗത്തെ ഷീറ്റുകളും തകര്‍ന്നു. ചുമരിന്റെ മറ്റൊരു ഭാഗം വിണ്ടുകീറി. പഞ്ചായത്ത് ജനപ്രതിനിധികള്‍ സ്ഥലത്തെത്തി കുടുംബത്തോട് മാറിതാമസിക്കാന്‍ നിര്‍ദേശം നല്‍കി. വില്ലേജ് ഓഫീസിലും വിവരം അറിയിക്കുമെന്ന് പഞ്ചായത്തധികൃതര്‍ അറിയിച്ചു.