അലനല്ലൂര്‍:ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അലനല്ലൂര്‍ മേഖലയില്‍ പൂട്ടിയിട്ട വീട് കുത്തി തുറന്ന് മോഷണം.ഉണ്ണിയാല്‍ കര്‍ക്കിടാംകുന്ന് ഷാപ്പുംപടിയിലെ കാരൂത്ത് മോഹന്‍ദാസിന്റെ വീട്ടിലാണ് കവര്‍ച്ച അരങ്ങേറിയത്. മോഹന്‍ദാസും കുടുംബവും ഞായറാഴ്ച്ച വൈകീട്ട് ആറ് മണിയോടെ എലുമ്പുലാശ്ശേരിയിലുള്ള ബന്ധുവീട്ടില്‍ പോയി രാത്രി ഒരു മണിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായറിയുന്നത്. മുന്‍ഭാഗത്തെ വാതില്‍ പിക്കാസ് പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് തകര്‍ത്ത നിലയിലായിരുന്നു. വീടിന കത്തെ അലമാരകളും മറ്റും തകര്‍ത്ത് സാധന സാമഗ്രികള്‍ വാരി വലിച്ചിട്ട നിലയിലായിരുന്നു.അഞ്ച് പവന്‍ സ്വര്‍ണ്ണവും 5,000 രൂപയും നഷ്ടമായതായി ഉടമ പറഞ്ഞു. നാട്ടുകല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.തിങ്കളാഴ്ച്ച രാവിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ നാസറിന്റെ നേതൃത്വത്തിലുള്ള സംഘവും വൈകീട്ട് ഷൊര്‍ണ്ണൂരില്‍ നിന്നുള്ള ഡോഗ് സ്‌ക്വാഡും,പാലക്കാട്ടില്‍ നിന്നുള്ള വിരലടയളായ വിദഗ്ധരും പരിശോധന നടത്തി മടങ്ങി. ഒരിടവേളക്ക് ശേഷം വീണ്ടും മോഷണം തലപ്പൊക്കിയത് നാട്ടുകാരെ ഭീതിയി ലാഴ്ത്തിയിട്ടുണ്ട്.ഇത്തരത്തില്‍ സമാന രീതിയില്‍ ആളൊഴിഞ്ഞ വീടുകള്‍ കേന്ദ്രീകരിച്ച് അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ യിടങ്ങളില്‍ നിരവധി മോഷണങ്ങളാണ് അരങ്ങേറിയിട്ടുള്ളത്.